Skip to content

അവൻ മികച്ച ബൗളർ തന്നെ പക്ഷേ… അശ്വിൻ ഉയർത്തുന്ന വെല്ലുവിളിയെ കുറിച്ച് സ്റ്റീവ് സ്മിത്ത്

ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ഉയർത്തുന്ന വെല്ലുവിളിയെ നേരിടാൻ ഓസ്ട്രേലിയ തയ്യാറാണെന്ന് സ്റ്റീവ് സ്മിത്ത്. ഇരുടീമുകളും തമ്മിലുള്ള പോരാട്ടം മാത്രമല്ല ഈ പരമ്പരയിലെ ഇരുടീമിലെയും താരങ്ങൾ തമ്മിലുള്ള പോരാട്ടം കൂടിയാണ്. ഇതിൽ മുൻപന്തിയിൽ തന്നെയുള്ളത് അശ്വിനും സ്റ്റീവ് സ്മിത്തും തമ്മിലുള്ള പോരാട്ടം തന്നെ.

ടെസ്റ്റിൽ അശ്വിനെതിരെ 694 പന്തുകൾ നേരിട്ടിട്ടുള്ള സ്റ്റീവ് സ്മിത്ത് 68.66 ശരാശരിയിൽ 412 റൺസ് നേടിയിട്ടുണ്ട്. 6 തവണ സ്റ്റീവ് സ്മിത്തിനെ പുറത്താക്കുവാൻ അശ്വിന് സാധിച്ചിരുന്നു. ഇതിൽ മൂന്നും ഓസ്ട്രേലിയയിൽ നടന്ന കഴിഞ്ഞ ബോർഡർ ഗവാസ്‌കർ ട്രോഫി സിരീസിലായിരുന്നു.

അശ്വിൻ്റെ വെല്ലുവിളി നേരിടാൻ അതേ ബൗളിങ് ശൈലിയുള്ള മഹേഷ് പിതിയയുമായി ഓസ്ട്രേലിയ പരിശീലനം നടത്തിയിരുന്നു. മഹേഷിൻ്റെ ബൗളിങ് ശൈലി അശ്വിൻ്റെ പോലെയാണെന്നും അശ്വിനെ കുറിച്ച് കൂടുതലായി തങ്ങൾ ചിന്തിക്കുന്നില്ലെന്നും അശ്വിൻ മികച്ച ബൗളർ ആണെങ്കിലും ആ വെല്ലുവിളി പ്രതിരോധിക്കാനുള്ള ഉപകരണങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു.

ഓസ്ട്രേലിയക്കെതിരെ 18 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള രവിചന്ദ്രൻ അശ്വിൻ 89 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഓസ്ട്രേലിയയുടെ കഴിഞ്ഞ പര്യടനത്തിൽ 21 വിക്കറ്റുകൾ അശ്വിൻ നേടിയിരുന്നു.