Skip to content

വീണ്ടും ഓസ്ട്രേലിയയെ വേട്ടയാടി പരിക്ക്. ടീമിലെ നിർണായക താരവും കളിക്കില്ല

ബോർഡർ ഗവാസ്കർ ട്രോഫി ആരംഭിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കെ ഓസ്ട്രേലയക്ക് വീണ്ടും തിരിച്ചടി. ഇതിനോടകം പരിക്ക് മൂലം സീനിയർ പേസർമാരായ മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ് എന്നിവരെ നഷ്ടമായ ഓസ്ട്രേലിയക്ക് ഇപ്പോഴിതാ ടീമിലെ മറ്റൊരു നിർണാക താരമായ യുവതാരം കാമറോൺ ഗ്രീനിനെയും നഷ്ടമായി.

കഴിഞ്ഞ വർഷം ഡിസംബറിൽ സൗത്താഫ്രിക്കയ്ക്കെതിരായ ബോക്സിങ് ഡേ ടെസ്റ്റിലാണ് ഗ്രീനിന് പരിക്ക് പറ്റിയത്. പിന്നീട് സിഡ്നി ടെസ്റ്റിലോ ബിഗ് ബാഷ് ലീഗിലോ താരം കളിച്ചിരുന്നില്ല. വലുത് കയ്യിലെ വിരലിനാണ് ഗ്രീനിന് പരിക്ക് പറ്റിയത്. പിന്നാലെ സർജറിയ്ക്കും താരം വിധേയനായിരുന്നു. ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ താരം ബൗൾ ചെയ്യാതെ ബാറ്റ്സ്മാനായി മാത്രം കളിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ താരം മത്സരത്തിൽ കളിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്.

ഓസ്ട്രേലിയയുടെ വൈസ് ക്യാപ്റ്റൻ കൂടിയായ സ്റ്റീവ് സ്മിത്ത് തന്നെയാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. കാമറോൺ ഗ്രീൻ ബൗൾ ചെയ്തില്ലെങ്കിൽ തങ്ങൾക്ക് മൂന്ന് സ്പിന്നർമാരെ എടുക്കാൻ സാധിക്കുകയില്ലെന്നും പക്ഷേ ഏറ്റവും മികച്ച ഇലവനെ തന്നെ സെലക്ടർമാർ തിരഞ്ഞെടുക്കുമെന്നും നെറ്റ്സിൽ ഫാസ്റ്റ് ബൗളർമാരെ പോലും ഗ്രീൻ നേരിട്ടില്ലയെന്നും താരം കളിക്കുവാനുള്ള സാധ്യതയില്ലെന്നും പരമ്പരയ്ക്ക് മുൻപായി നടന്ന പ്രസ്സ് കോൺഫ്രൻസിൽ സ്റ്റീവ് സ്മിത്ത് പറഞ്ഞു.

നാഗ്പൂരിൽ ഫെബ്രുവരി ഒമ്പതിനാണ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുക. ഡ്രൈ പിച്ചായതിനാൽ ഇരു ടീമുകളിലും മൂന്ന് സ്പെഷ്യാലിസ്റ്റ് ബൗളർമാരെ കണ്ടാലും അത്ഭുതപെടേണ്ടതില്ല.