ആഷസ് പരമ്പരയേക്കാൾ വലുത് ഇന്ത്യൻ മണ്ണിലെ ടെസ്റ്റ് പരമ്പര വിജയമാണെന്ന് ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്. ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ക്രിക്കറ്റ് ഓസ്ട്രേലിയയുടെ വെബ്സൈറ്റിൽ സംസാരിക്കവെയാണ് ഇക്കാര്യം സ്റ്റീവ് സ്മിത്ത് തുറന്നുപറഞ്ഞത്.
ഈ മാസം ഒമ്പതിന് നാഗ്പൂരിലാണ് നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.
” ഇന്ത്യയിൽ ഒരു ടെസ്റ്റ് മത്സരം വിജയിക്കാൻ പോലും പ്രയാസമാണ്. ആ പർവ്വതം മറികടക്കാൻ സാധിച്ചാൽ അത് വലിയ നേട്ടമായിരിക്കും. ഇന്ത്യയിൽ വിജയിക്കുവാൻ ഞങ്ങൾക്ക് കഴിയുമെങ്കിൽ അത് ആഷസ് പരമ്പര വിജയിക്കുന്നതിനേക്കാൾ വലുതായിരിക്കും. ” സ്റ്റീവ് സ്മിത്ത് പറഞ്ഞു.
കഴിഞ്ഞ ഇന്ത്യൻ പര്യടനത്തിൽ തകർപ്പൻ പ്രകടനമാണ് സ്റ്റീവ് സ്മിത്ത് കാഴ്ച്ചവെച്ചത്. ടീമിൻ്റെ ക്യാപ്റ്റൻ കൂടിയായ സ്റ്റീവ് സ്മിത്ത് ആദ്യ മത്സരത്തിൽ സെഞ്ചുറി നേടുകയും ഓസ്ട്രേലിയയെ വിജയത്തിലെത്തിക്കുകയും ചെയ്തുവെങ്കിലും പിന്നീട് ശക്തമായി തിരിച്ചെത്തികൊണ്ട് ഇന്ത്യ പരമ്പര നേടുകയായിരുന്നു. ഇക്കുറി സ്റ്റീവ് സ്മിത്ത്, മാർനസ് ലാബുഷെയ്ൻ, നേതൻ ലിയോൺ എന്നിവരുടെ പ്രകടനമായിരിക്കും ഓസ്ട്രേലിയയുടെ വിധി നിർണയിക്കുക. മറുഭാഗത്ത് റാങ്ക് ടേണറുകൾ ഒരുക്കികൊണ്ട് ഓസ്ട്രേലിയയെ കുരുക്കുകയായിരിക്കും ഇന്ത്യയുടെ ലക്ഷ്യം.