Skip to content

ബോർഡർ ഗവാസ്കർ ട്രോഫി ആര് നേടും? പ്രവചനവുമായി ശ്രീലങ്കൻ ഇതിഹാസം

ക്രിക്കറ്റ് പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ബോർഡർ ഗവാസ്‌കർ ട്രോഫി ആര് നേടുമെന്ന് പ്രവചിച്ച് മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ മഹേള ജയവർധനെ. ഐസിസി റിവ്യൂവിൽ സംസാരിക്കവെയാണ് പരമ്പര ആര് നേടുമെന്ന് അദ്ദേഹം പ്രവചിച്ചത്.

സന്ദർശകരായ ഓസ്ട്രേലിയ ഇക്കുറി പരമ്പര വിജയിക്കുമെന്നാണ് ജയവർധനെയുടെ പ്രവചനം. ചരിത്രത്തിൽ രണ്ട് തവണ മാത്രമാണ് ഇന്ത്യയിൽ ടെസ്റ്റ് പരമ്പര വിജയിക്കാൻ ഓസ്ട്രേലിയക്ക് സാധിച്ചിട്ടുള്ളത്. 1969 ലും പിന്നീട് 2004 ലും. കഴിഞ്ഞ പര്യടനത്തിൽ ആദ്യ മത്സരം ഓസ്ട്രേലിയ വിജയിച്ചിരുന്നുവെങ്കിലും പിന്നീട് ശക്തമായി തിരിച്ചെത്തി ഇന്ത്യ പരമ്പര സ്വന്തമാക്കുകയായിരുന്നു.

” ഇതൊരു മികച്ച പരമ്പര തന്നെയായിരിക്കും. ഇന്ത്യയിലെ സാഹചര്യങ്ങളെ ഓസ്ട്രേലിയൻ ബാറ്റ്സ്മാന്മാർ എങ്ങനെ നേരിടും ? ഓസ്ട്രേലിയക്കും മികച്ച ബൗളിംഗ് നിരയുണ്ട് അവരെ ഇന്ത്യൻ ബാറ്റ്സ്മാന്മാർ എങ്ങനെ നേരിടും ? ഇതെല്ലാം പരമ്പരയിൽ അവർ എങ്ങനെ തുടങ്ങുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. അത് ആവേശകരമാകുമെന്ന കാര്യത്തിൽ സംശയമില്ല. ” മഹേള ജയവർധനെ പറഞ്ഞു.

” വിജയികളെ പ്രവചിക്കുകയെന്നത് പ്രയാസമാണ്. പക്ഷേ ഒരു ശ്രീലങ്കൻ എന്ന നിലയിൽ ഓസ്ട്രേലിയ 2-1 ന് പരമ്പര വിജയിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ” അദ്ദേഹം കൂട്ടിച്ചേർത്തു.

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കൂടെ ലക്ഷ്യം വെച്ചുകൊണ്ടാണ് ഇന്ത്യ പരമ്പരയ്ക്ക് ഇറങ്ങുന്നത്. ഇന്ത്യയ്ക്കൊപ്പം തന്നെ ഫൈനൽ സാധ്യതയുള്ള മറ്റൊരു ടീമാണ് ശ്രീലങ്ക. അതുകൊണ്ട് ഓസ്ട്രേലിയ വിജയിച്ചാൽ ശ്രീലങ്കയ്ക്ക് ഫൈനൽ സാധ്യതകളുണ്ട്. പക്ഷേ അതിനായി ന്യൂസിലൻഡിനെ അവരുടെ നാട്ടിൽ തോൽപ്പിക്കുകയെന്ന വലിയ ദൗത്യം ശ്രീലങ്കയ്ക്ക് മുൻപിലുണ്ട്.