Skip to content

മദ്യപിച്ച് ഭാര്യയ്ക്കെതിരെ അക്രമം. മുൻ ഇന്ത്യൻ താരത്തിനെതിരെ കേസെടുത്ത് പോലീസ്

വീണ്ടും വാർത്തകളിൽ നിന്ന് മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലി. മദ്യലഹരിയിൽ ഭാര്യയെ ആക്രമിച്ചതിന് താരത്തിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെയാണ് മുൻ താരം വീണ്ടും വാർത്തകളിൽ നിറഞ്ഞത്. മദ്യലഹരിയിലെത്തിയ കാംബ്ലി വറചട്ടിയുടെ കൈകൊണ്ട് തന്നെ അടിച്ച് പരിക്കേൽപ്പിച്ചുവെന്നാണ് ഭാര്യയുടെ ആരോപണം.

ഇത് സംബന്ധിച്ച് ഭാര്യ പോലീസിന് പരാതി നൽകുകയും പോലീസ് FIR രജിസ്റ്റർ ചെയ്യുകയും ചെയ്തു. വെള്ളിയാഴ്ച വീട്ടിലെത്തി അസഭ്യവർഷം നടത്തിയ കാംബ്ലി തർക്കത്തിനിടെ അടുക്കളയിൽ നിന്നും ചട്ടിയെടുത്ത് തന്നെ ആക്രമിക്കുകയായിരുന്നുവെന്നും പിന്നീട് ബാറ്റ് എടുത്തുകൊണ്ട് തന്നെ വീണ്ടും ആക്രമിക്കാൻ ശ്രമിച്ചുവെന്നും ഭാര്യ വെളിപ്പെടുത്തി.

നേരത്തെ കഴിഞ്ഞ വർഷം തനിക്ക് ജോലി വേണമെന്ന് ആവശ്യപെട്ടുകൊണ്ട് കാംബ്ലി രംഗത്തുവന്നിരുന്നു. തൻ്റെ ഏക വരുമാനം ബിസിസിഐയിൽ നിന്നും ലഭിക്കുന്ന പെൻഷൻ മാത്രമാണ് ക്രിക്കറ്റ് സംബന്ധിച്ച് ജോലി ചെയ്യുവാൻ താൻ തയ്യാറാണെന്നും കാംബ്ലി പറഞ്ഞിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ നൂറിലധികം മത്സരങ്ങൾ കാംബ്ലി കളിച്ചിട്ടുണ്ട്. 17 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 50 ന് മുകളിൽ ശരാശരിയിൽ ബാറ്റ് ചെയ്ത താരത്തിന് പിന്നീട് തൻ്റെ ജീവിതശൈലി തിരിച്ചടിയായി മാറുകയും കരിയർ അവസാനിപ്പിക്കുകയും ചെയ്യേണ്ടിവന്നു.