Skip to content

ലോകകപ്പിനായി ഇന്ത്യയിലേക്കില്ല. കടുത്ത തീരുമാനം എടുക്കാനൊരുങ്ങി പാകിസ്ഥാൻ

ഏഷ്യ കപ്പ് വേദിയെ ചൊല്ലി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും ബിസിസിഐയും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമാകുന്നു. ഇന്നലെ നടന്ന ഏഷ്യൻ ക്രിക്കറ്റ് കൺസിലും ഇരു ബോർഡുകളും തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നതോടെ വേദിയെ സംബന്ധിച്ചുള്ള തീരുമാനം ഏഷ്യൻ ക്രിക്കറ്റ് കൺസിൽ മാർച്ചിലേക്ക് നീട്ടി.

റിപോർട്ടുകൾ പ്രകാരം പുതിയ ചെയർമാൻ നജാം സേതിയും ഏഷ്യ കപ്പിനായി ഇന്ത്യ പാകിസ്ഥാനിൽ എത്തിയില്ലെങ്കിൽ തങ്ങൾ ഐസിസി ഏകദിന ലോകകപ്പിനായി ഇന്ത്യയിലേക്ക് വരില്ലെന്ന ഭീഷണി മുഴക്കിയിട്ടുണ്ട്.

വേദി പാകിസ്ഥാനിൽ നിന്നും ന്യൂട്രൽ വേദിയിലേക്ക് മാറ്റിയാൽ മാത്രമേ എഷ്യ കപ്പിൽ ഇന്ത്യ പങ്കെടുക്കൂ. ഒരുപക്ഷേ പാകിസ്ഥാനിൽ വെച്ചു തന്നെ നടക്കുകയാണെങ്കിൽ ഇന്ത്യ ഏഷ്യ കപ്പിൽ നിന്നും പിന്മാറും. ഇതോടെ സ്പോൺസർഷിപ്പും മറ്റു വരുമാനത്തിലും വലിയ ഇടിവ് സംഭവിക്കുകയും ഇപ്പോൾ പാടുപെടുന്ന പാകിസ്ഥാന് അത് കൂടുതൽ തിരിച്ചടിയാവുകയും ചെയ്യും. ലോകകപ്പിൽ നിന്നും പിന്മാറിയാലും അത് തിരിച്ചടിയാവുക പാകിസ്ഥാന് തന്നെയായിരിക്കും.

മറിച്ച് കടുംപിടുത്തം വിട്ടാൽ ലാഭമായിരിക്കും പാകിസ്ഥാനുണ്ടാവുക. മറ്റു ന്യൂട്രൽ വേദിയിലേക്ക് മാറ്റിയാലും ആതിഥേയർ പാകിസ്ഥാൻ തന്നെയാകും. ഇതിലൂടെ ലഭിക്കുന്ന വരുമാനവും പാകിസ്ഥാന് തന്നെയായിരിക്കും ലഭിക്കുക.