ഞങ്ങളുടെ ഫാസ്റ്റ് ബൗളർമാർ എത്രത്തോളം കരുത്തരാണെന്ന കാര്യം മറക്കരുത് : പാറ്റ് കമ്മിൻസ്

ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ സ്പിൻ ട്രാക്കുകളെ കുറിച്ചും സ്‌പിന്നർമാരെ കുറിച്ചും മാത്രം സംസാരിക്കുമ്പോൾ തങ്ങളുടെ ഫാസ്റ്റ് ബൗളിങ് നിരയുടെ കരുത്തിനെ പറ്റി മറക്കരുതെന്ന് ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. ടീമിലെ ബൗളർമാരെ തങ്ങൾ നിശ്ചയിച്ചിട്ടില്ലെന്നും നാഗ്പൂരിൽ എത്തിയ ശേഷമായിരിക്കും ടീമിനെ തിരഞ്ഞെടുക്കുകയെന്നും കമ്മിൻസ് പറഞ്ഞു.

” 20 വിക്കറ്റ് വീഴ്ത്താൻ കഴിയുന്ന ബൗളർമാരെയായിരിക്കും ഞങ്ങൾ തിരഞ്ഞെടുക്കുക. എന്നാൽ ബൗളിങ് ലൈനപ്പിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. ട്രാവിസ് ഹെഡ് പോലും നന്നായി ഓഫ് സ്പിൻ എറിയും. മികച്ച ബാലൻസ് കണ്ടെത്തേണ്ടതുണ്ട്. നിരവധി ഓപ്ഷനുകൾ ഞങ്ങൾക്കുണ്ട്. ഒരു ബൗളിങ് ലൈനപ്പും ഞങ്ങൾ ഉറപ്പിച്ചിട്ടില്ല. ”

” ആളുകൾ സ്‌പിന്നർമാരെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ ഏത് സാഹചര്യങ്ങളിലും തിളങ്ങാൻ കഴിയുന്ന പേസ് ബൗളിങ് നിര ഞങ്ങൾക്കുണ്ടെന്ന കാര്യം മറക്കരുത് ! ” പാറ്റ് കമ്മിൻസ് പറഞ്ഞു.

“സ്പിൻ വിഭാഗത്തിൽ നേതൻ ലയണ് മികച്ച പിന്തുണയുണ്ട്. ഫിംഗർ സ്പിന്നർമാരും റിസ്റ്റ് സ്പിന്നർമാരും ടീമിലുണ്ട്. ആഷ്ടൻ അഗർ കഴിഞ്ഞ പര്യടനത്തിലെ ടീമിനൊപ്പമുണ്ടായിരുന്നു. സ്വെപ്സൺ കഴിഞ്ഞ രണ്ട് ഓവർസീസ് ടൂറിലും ടീമിനൊപ്പം ഉണ്ടായിരുന്നു. ടോഡ് മർഫിയും കഴിഞ്ഞ പര്യടനത്തിൽ കളിച്ചു. ” പാറ്റ് കമ്മിൻസ് കൂട്ടിച്ചേർത്തു.