ബോർഡർ ഗവാസ്‌കർ ട്രോഫിയ്ക്ക് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി. പരിക്ക് മൂലം ടീമിലെ സീനിയർ പേസർ ജോഷ് ഹേസൽവുഡിന് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ നഷ്ടമായേക്കും.
കഴിഞ്ഞ മാസം സൗത്താഫ്രിക്കയ്ക്കെതിരായ സിഡ്നി ടെസ്റ്റിനിടെയാണ് വീണ്ടും ഹേസൽവുഡിന് പരിക്ക് പറ്റിയത്. അതിന് മുൻപുള്ള ടെസ്റ്റ് മത്സരങ്ങളിലും പരിക്ക് മൂലം താരത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല. സിഡ്നി ടെസ്റ്റിൽ ഇടതു കാലിനേറ്റ പരിക്കിൽ നിന്നും ഹേസൽവുഡ് മുക്തനായിട്ടില്ലെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഏഷ്യയിൽ കളിച്ചുപരിചയമുള്ള ഹേസൽവുഡിൻ്റെ അഭാവം ഓസ്ട്രേലിയക്ക് തിരിച്ചടിയാകും. ഇതിനൊപ്പം തന്നെ പരമ്പരയിലെ ആദ്യ മത്സരത്തിൽ നിന്നും മറ്റൊരു സീനിയർ പേസർ മിച്ചൽ സ്റ്റാർക്കും പുറത്തായിരുന്നു. ഓൾ റൗണ്ടർ കാമറോൺ ഗ്രീൻ കളിക്കുമോയെന്ന കാര്യവും ഇതുവരെ തീർച്ചയായിട്ടില്ല. ഹേസൽവുഡിൻ്റെ അഭാവത്തിൽ സ്കോട്ട് ബോലണ്ട് തൻ്റെ ആദ്യ വിദേശ മത്സരം കളിക്കാൻ ഇറങ്ങിയേക്കും. ലാൻസ് മോറിസ് ആദ്യ മത്സരത്തിലൂടെ അരങ്ങേറ്റവും കുറിച്ചേക്കും.
ഫെബ്രുവരി ഒമ്പതിന് നാഗ്പൂരിലാണ് പരമ്പര ആരംഭിക്കുന്നത്. നാഗ്പൂരിലാണ് ഇന്ത്യൻ ടീം പരിശീലനം നടത്തികൊണ്ടിരിക്കുന്നത്. ബാംഗ്ലൂരിലാണ് ഓസ്ട്രേലിയൻ ടീം പരിശീലനം നടത്തുന്നത്.