Skip to content

പാകിസ്ഥാനിലേക്ക് ഞങ്ങളില്ല !! നിലപാടിൽ ഉറച്ച് ഇന്ത്യ

ഏഷ്യ കപ്പിനായി പാകിസ്ഥാനിലേക്ക് പോകില്ലെന്ന നിലപാടിൽ ഉറച്ച് ഇന്ത്യ. ഇന്ന് ബഹ്റനിൽ വെച്ചുനടന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൻ്റെ എമർജൻസി യോഗത്തിലാണ് പാകിസ്ഥാനിലേക്ക് ഇല്ലെന്ന നിലപാടിൽ ബിസിസിഐ ഉറച്ചുനിന്നത്.

റിപ്പോർട്ടുകൾ പ്രകാരം ഏഷ്യ കപ്പ് പാകിസ്ഥാനിൽ നിന്നും മറ്റേതെങ്കിലും രാജ്യത്തിലേക്ക് മാറ്റിയേക്കും. ഇത് സംബന്ധിച്ച് ഓദ്യോഗിക തീരുമാനം നാളെയായിരിക്കും പുറത്തുവിടുക. വേദി മാറുമെങ്കിലും ആതിഥേയരെന്ന നിലയിൽ ഏഷ്യ കപ്പിൽ നിന്നുള്ള വരുമാനം പാകിസ്ഥാന് തന്നെയായിരിക്കും ലഭിക്കുക.

നേരത്തെ ഏഷ്യ കപ്പ് പാകിസ്ഥാനിൽ നിന്നും ന്യൂട്രൽ വേദിയിലേക്ക് മാറ്റുമെന്നുള്ള ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡൻ്റ് കൂടിയായ ജയ് ഷായുടെ പ്രസ്താവന വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പുറകെ പാകിസ്ഥാൻ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ നിന്നും പിന്മാറുമെന്ന് അന്നത്തെ ചെയർമാനായിരുന്നു റമീസ് രാജ ഭീഷണി മുഴക്കിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ റമീസ് രാജയെ ചെയർമാൻ സ്ഥാനത്തുനിന്നും മാറ്റുകയും നജാം സേതിയെ ചെയർമാനായി നിയമിക്കുകയും ചെയ്തു.

പാകിസ്ഥാനിൽ നിന്നും മാറ്റുകയാണെങ്കിൽ യു എ ഇ തന്നെയായിരിക്കും ഏഷ്യ കപ്പിന് വേദിയാവുക. ഏഷ്യ കപ്പിന് വേദിയാകുവാൻ ഖത്തറും താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.