Skip to content

അക്തറിൻ്റെ റെക്കോർഡ് തകർക്കാൻ ആർക്കും കഴിയില്ല. ഉമ്രാൻ മാലിക്കിനെ പോലെ നിരവധി ബൗളർമാർ പാകിസ്ഥാനുണ്ട് : മുൻ പാക് താരം

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ഡെലിവറിയെന്ന പാകിസ്ഥാൻ പേസർ ഷോയിബ് അക്തറിൻ്റെ റെക്കോർഡ് തകർക്കുവാൻ ആർക്കും തന്നെ സാധിക്കുകയില്ലെന്ന് മുൻ പാകിസ്ഥാൻ താരം സോഹൈൽ ഖാൻ. ഉമ്രാൻ മാലിക്ക് ഇന്ത്യയ്ക്ക് വലിയ സംഭവമായി തോന്നുമെങ്കിൽ പാകിസ്ഥാൻ്റെ തെരുവുകളിൽ ഉമ്രാൻ മാലിക്കിനേക്കാൾ വേഗതയുള്ള നിരവധി ബൗളർമാരെ കാണിച്ചുതരുവാൻ തനിക്ക് കഴിയുമെന്നും സൊഹൈൽ ഖാൻ പറഞ്ഞു.

” ഉമ്രാൻ മാലിക്ക് നല്ല ബൗളറാണെന്ന് എനിക്ക് തോന്നുന്നു. ഒന്ന് രണ്ട് മത്സരങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. അവൻ വളരെ വേഗത്തിൽ പന്തെറിയുന്നു. എന്നാൽ അത്രയും വേഗതയുള്ള ബൗളർമാരെ കുറിച്ച് ചിന്തിക്കുകയാണെങ്കിൽ ടേപ്പ് ബോൾ ക്രിക്കറ്റിൽ ഒരു 12-15 കളിക്കാരെ ഞാൻ കാണിച്ചുതരാം. ലാഹോർ ഖലന്ദർസ് സംഘടിപ്പിക്കുന്ന ട്രയൽസ് സന്ദർശിച്ചാൽ അത്രയും വേഗതയുള്ള ബൗളർമാരെ കണ്ടെത്താൻ സാധിക്കും. ”

” പാകിസ്ഥാൻ്റെ ആഭ്യന്തര ക്രിക്കറ്റിൽ ഉമ്രാൻ മാലിക്കിനെ പോലെ നിരവധി ബൗളർമാരുണ്ട്. പിന്നീട് അവർ മികച്ച ബൗളർമാരായി മാറുന്നു. ഷഹീൻ, നസീം ഷാ, ഹാരിസ് റൗഫ് ഇവരെല്ലാം ഇത്തരത്തിൽ കടന്നുവന്നവരാണ്. ” സോഹൈൽ ഖാൻ പറഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ പന്തെന്ന അക്തറിൻ്റെ റെക്കോർഡ് തകർക്കുവാൻ ഉമ്രാൻ മാലിക്ക് എന്നല്ല മറ്റൊരു ബൗളർക്കും സാധിക്കുകയില്ലെന്നും ഒരു ബൗളിങ് മെഷീന് മാത്രമേ അദ്ധേഹത്തിൻ്റെ റെക്കോർഡ് തകർക്കാനാകൂവെന്നും സോഹൈൽ ഖാൻ പറഞ്ഞു.