Skip to content

നാല് സ്പിന്നർമാരെ നെറ്റ് ബൗളർമാരായി ടീമിൽ ഉൾപെടുത്തി ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയ്ക്കുള്ള പരിശീലനം ആരംഭിച്ചിരിക്കുകയാണ് ഇന്ത്യ. ക്യാപ്റ്റൻ രോഹിത് ശർമ്മ, വിരാട് കോഹ്ലി, പുജാര, കെ എൽ രാഹുൽ അടക്കമുള്ള താരങ്ങൾ നാഗ്പൂർ ടെസ്റ്റിനായി ഇതിനോടകം പരിശീലനം ആരംഭിച്ചുകഴിഞ്ഞു. ഇതിനിടെ ഇന്ത്യൻ പരിശീലന ക്യാമ്പിലേക്ക് നാല് സ്‌പിന്നർമാരെ നെറ്റ് ബൗളർമാരായി ഉൾപെടുത്തിയിരിക്കുകയാണ് ഇന്ത്യ.

രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, രവിചന്ദ്രൻ അശ്വിൻ, അക്ഷർ പട്ടേൽ എന്നിവർ ടീമിലുണ്ടായിരിക്കെയാണ് നാല് സ്‌പിന്നർമാരെ കൂടി ഇന്ത്യ വിളിച്ചുവരുത്തിയിരിക്കുന്നത്. വാഷിംഗ്ടൺ സുന്ദർ, രാഹുൽ ചഹാർ, സായ് കിഷോർ, സൗരഭ് കുമാർ എന്നിവരെയാണ് ആദ്യ ടെസ്റ്റിനുള്ള നെറ്റ് ബൗളർമാരായി ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മറുഭാഗത്ത് ബാംഗ്ലൂർ ആലൂരിലാണ് ഓസ്ട്രേലിയയുടെ പരിശീലനം നടക്കുന്നത്. ഓസ്ട്രേലിയയും ചില ഇന്ത്യൻ സ്പിന്നർമാരുടെ സഹായം പരമ്പരയ്ക്കായി തേടിയിട്ടുണ്ട്. രവിചന്ദ്രൻ അശ്വിൻ്റെ ബൗളിങിനോട് സമാനതയുള്ള സ്പിൻ ബൗളർ മഹേഷ് പിതിയക്കൊപ്പം സ്റ്റീവ് സ്മിത്ത് അടക്കമുള്ളവർ പരിശീലനം നടത്തുകയാണ്.

ഫെബ്രുവരി ഒമ്പതിനാണ് ബോർഡർ ഗവാസ്‌കർ ട്രോഫി ആരംഭിക്കുന്നത്. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടുവാൻ ഇന്ത്യയ്ക്ക് പരമ്പരയിൽ വിജയം അനിവാര്യമാണ്. പരമ്പര നേടിയാൽ ഐസിസി റാങ്കിങിൽ മൂന്ന് ഫോർമാറ്റിലും ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനത്തെത്താം.