Skip to content

ഏഷ്യ കപ്പ് പാകിസ്ഥാനിൽ നടക്കുമോ ? നിർണായക യോഗം നാളെ

ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൻ്റെ നിർണ്ണായക യോഗം നാളെ ബഹ്റിനിൽ നടക്കും. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻ്റെ അഭ്യർത്ഥന പ്രകാരമാണ് എമർജൻസി മീറ്റിങ് എ സി സി വിളിച്ചുകൂട്ടുന്നത്. ഈ വർഷം നടക്കുന്ന ഏഷ്യ കപ്പ് തന്നെയായിരിക്കും യോഗത്തിൽ ചർച്ചയാവുക.

ഏഷ്യ കപ്പ് പാകിസ്ഥാനിൽ വെച്ചുനടക്കുമോ അതോ മറ്റു വേദിയിലേക്ക് മാറ്റുമോ എന്നതിൽ അന്തിമ തീരുമാനം നാളെ തന്നെയുണ്ടാകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. ദുബായിൽ വെച്ചുനടന്ന ഇൻ്റർനാഷണൽ ലീഗ് ടി20 യുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് പാകിസ്ഥാൻ്റെ പുതിയ ചെയർമാൻ നജാം സേതി മീറ്റിങ് വിളിച്ചുചേർക്കണമെന്ന് അഭ്യർത്ഥിച്ചത്.

നേരത്തെ ഏഷ്യ കപ്പ് പാകിസ്ഥാനിൽ നിന്നും ന്യൂട്രൽ വേദിയിലേക്ക് മാറ്റുമെന്നുള്ള ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡൻ്റ് കൂടിയായ ജയ് ഷായുടെ പ്രസ്താവന വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പുറകെ പാകിസ്ഥാൻ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ നിന്നും പിന്മാറുമെന്ന് അന്നത്തെ ചെയർമാനായിരുന്നു റമീസ് രാജ ഭീഷണി മുഴക്കിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ റമീസ് രാജയെ ചെയർമാൻ സ്ഥാനത്തുനിന്നും മാറ്റുകയും നജാം സേതിയെ ചെയർമാനായി നിയമിക്കുകയും ചെയ്തു.

പാകിസ്ഥാനിൽ നിന്നും മാറ്റുകയാണെങ്കിൽ യു എ ഇ തന്നെയായിരിക്കും ഏഷ്യ കപ്പിന് വേദിയാവുക. ഏഷ്യ കപ്പിന് വേദിയാകുവാൻ ഖത്തറും താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.