Skip to content

ഇതവരുടെ സ്ഥിരം പരിപാടിയാണ്. ഓസ്ട്രേലിയൻ താരങ്ങളുടെ പ്രസ്താവനകളോട് പ്രതികരിച്ച് അശ്വിൻ

ബോർഡർ ഗവാസ്‌കർ ട്രോഫിയ്ക്ക് മുൻപായി ഓസ്ട്രേലിയൻ താരങ്ങളും മുൻ താരങ്ങളും നടത്തുന്ന പ്രസ്താവനകളോട് പ്രതികരിച്ച് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഇന്ത്യ പരിശീലന മത്സരങ്ങൾക്ക് പച്ചപ്പ് നിറഞ്ഞ പിച്ചൊരുക്കി പറ്റിക്കുമെന്നും തങ്ങൾ ആവശ്യപെടുന്ന പിച്ച് ഒരുക്കാൻ ഇന്ത്യ തയ്യാറാകാത്തതിനെ തുടർന്നാണ് പരിശീലന മത്സരങ്ങൾ വേണ്ടെന്ന് വെച്ചതെന്നും ഓസ്ട്രേലിയൻ താരങ്ങൾ പറഞ്ഞിരുന്നു.

പരിശീലന മത്സരത്തിനുള്ള പിച്ചല്ല ഇന്ത്യ യഥാർത്ഥ മത്സരങ്ങൾക്ക് ഒരുക്കുന്നതെന്നും ഇന്ത്യയിൽ പരിശീലന മത്സരങ്ങൾ കളിക്കുന്നത് അനാവശ്യമാണെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞപ്പോൾ ഇന്ത്യ നൽകുന്ന സൗകര്യങ്ങളിൽ വിശ്വാസമില്ലെന്നായിരുന്നു മുൻ ഓസീസ് താരം ഇയാൻ ഹീലിയുടെ പ്രതികരണം.

സ്മിത്ത് പറഞ്ഞതുപോലെ പുനെയിൽ റാങ്ക് ടേണറായിരുന്നു ഇന്ത്യ ഒരുക്കിയതെന്നും പരിശീലന മത്സരത്തിന് ഗ്രീൻ പിച്ചാണ് നൽകിയതെന്നതും ശരിയാണെന്നും പക്ഷേ ഇത് കരുതികൂട്ടി ചെയ്യുന്നതല്ലെന്നും പിച്ച് ഒരുക്കുന്നത് അതാത് ഗ്രൗണ്ടുകളിലെ ക്യൂറേറ്റർമാരാണെന്നും പറഞ്ഞ അശ്വിൻ പരമ്പരയ്ക്ക് മുന്നോടിയായി മൈൻഡ് ഗെയിംസ് കളിക്കുന്നതും സ്ലെഡ്ജ് ചെയ്യുന്നതും ഓസ്ട്രേലിയയുടെ സ്ഥിരം പണിയാണെന്നും ചൂണ്ടിക്കാട്ടി.

ഇതിന് മുൻപ് നടന്ന മൂന്ന് ബോർഡർ ഗവസ്കർ ട്രോഫിയിലും വിജയിച്ചത് ഇന്ത്യയായിരുന്നു. ഇതിൽ അവസാന രണ്ട് പരമ്പരകളും നടന്നത് ഓസ്ട്രേലിയയിലായിരുന്നു. ഒന്നാം നമ്പർ ടീമും രണ്ടാം നമ്പർ ടീമും തമ്മിലുള്ള പോരാട്ടം ഇക്കുറിയും ആവേശകരമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരുള്ളത്.