Skip to content

സൗത്താഫ്രിക്കയ്ക്ക് എട്ടിൻ്റെ പണി കൊടുത്ത് ഐസിസി. ലോകകപ്പ് പ്രതീക്ഷകൾക്ക് തിരിച്ചടി

ഏകദിന ലോകകപ്പിൽ നേരിട്ട് യോഗ്യത നേടുകയെന്ന സൗത്താഫ്രിക്കയുടെ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിലെ തോൽവിയ്ക്ക് പുറമെ മോശം ഓവർ നിരക്കിനെ തുടർന്ന് സൗത്താഫ്രിക്കയ്ക്കെതിരെ പെനാൾറ്റിയായി ഒരു പോയിൻ്റ് ഐസിസി കുറച്ചു.

ഇതോടെ യോഗ്യത ലോകകപ്പിലേക്ക് നിർണയിക്കുന്ന ഏകദിന സൂപ്പർ ലീഗിൽ സൗത്താഫ്രിക്കയുടെ പോയിൻ്റ് 79 ൽ 78 ആയി മാറി. നിലവിൽ പോയിൻ്റ് ടേബിളിൽ വിൻഡീസിന് പുറകിൽ ഒമ്പതാം സ്ഥാനത്താണ് സൗത്താഫ്രിക്കയുള്ളത്. ആദ്യ എട്ട് സ്ഥാനങ്ങളിലുള്ള ടീമുകളായിരിക്കും ലോകകപ്പിന് നേരിട്ട് യോഗ്യത നേടുക. മറ്റുള്ള ടീമുകൾ സിംബാബ്‌വെയിൽ നടക്കുന്ന യോഗ്യത റൗണ്ടിൽ കളിക്കേണ്ടി വരും.

ആതിഥേയരായ ഇന്ത്യ അടക്കം ആദ്യ ഏഴ് സ്ഥാനങ്ങളിലുള്ള ടീമുകൾ യോഗ്യത ഇതിനോടകം ഉറപ്പിച്ചുകഴിഞ്ഞു. സൗത്താഫ്രിക്ക, വെസ്റ്റിൻഡീസ്, അയർലൻഡ്, ശ്രീലങ്ക എന്നീ ടീമുകൾ തമ്മിലാണ് എട്ടാം സ്ഥാനത്തിനുള്ള പോരാട്ടം തുടരുന്നത്. നെതർലൻഡ്സിനെതിരായ രണ്ട് ഏകദിനമാണ് ഇനി സൗത്താഫ്രിക്കയ്ക്ക് ശേഷിക്കുന്നത്. ഇതിൽ രണ്ടിലും വിജയിച്ചാലും ന്യൂസിലൻഡും ശ്രീലങ്കയും തമ്മിലുള്ള പരമ്പരയിൽ ശ്രീലങ്ക 3-0 ന് വിജയിച്ചാൽ സൗത്താഫ്രിക്കയെ പിന്നിലാക്കികൊണ്ട് ശ്രീലങ്കയ്ക്ക് യോഗ്യത നേടാം.

ബംഗ്ലാദേശിനെതിരായ രണ്ട് പരമ്പരകളാണ് അയർലൻഡിന് മുൻപിലുള്ളത്. ഇതിൽ ഒരു പരമ്പര സൂപ്പർ ലീഗിൻ്റെ ഭാഗമല്ല. മേയിൽ നടക്കുന്ന പരമ്പരയിൽ 3-0 ന് വിജയിക്കുകയും ശ്രീലങ്കയ്ക്കെതിരെ ന്യൂസിലൻഡ് വിജയിക്കുകയും ചെയ്താൽ ശ്രീലങ്കയെയും സൗത്താഫ്രിക്കയെയും പിന്നിലാക്കികൊണ്ട് അയർലൻഡിന് യോഗ്യത നേടാം.