Skip to content

ആരാധകർക്ക് സന്തോഷവാർത്ത !! സൂപ്പർതാരം കളിക്കളത്തിൽ തിരിച്ചെത്തുന്നു

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപേ ഇന്ത്യൻ ആരാധകർക്ക് സന്തോഷവാർത്ത. പരിക്കിനെ തുടർന്ന് ഇന്ത്യൻ ടീമിൽ നിന്നും വിട്ടുനിൽക്കുന്ന സൂപ്പർതാരം ജസ്പ്രീത് ബുംറ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ബൗളിങ് പുനരാരംഭിച്ചു.

നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ അനുവാദം ലഭിച്ചതോടെ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ബുംറയെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. പക്ഷേ പിന്നീട് ബൗളിങിനിടെ ബുദ്ധിമുട്ട് അനുഭവപെട്ടത് ബുംറ സൂചിപ്പിക്കുകയും താരത്തെ വീണ്ടും ടീമിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ന്യൂസിലൻഡിനെതിരായ പരമ്പരകൾക്കൊപ്പം ബോർഡർ ഗവാസ്കാർ ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്നും താരം പുറത്താവുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ വീണ്ടും ബൗളിങ് പുനരാരംഭിച്ചിരിക്കുകയാണ് ജസ്പ്രീത് ബുംറ. നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നസ് തെളിയിച്ചാൽ മാത്രമേ ഇന്ത്യൻ ടീമിൽ താരത്തെ ഉൾപ്പെടുത്തൂ. റിപ്പോർട്ടുകൾ പ്രകാരം ധർമ്മശാലയിൽ നടക്കുന്ന മൂന്നാം ടെസ്റ്റ് മത്സരത്തോടെ ബുംറ ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയേക്കും.

അതിനിടെ ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ തൻ്റെ ഫിറ്റ്നസ് തെളിയിച്ചു. ഇതോടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ രവീന്ദ്ര ജഡേജ കളിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായി.