Skip to content

ഇന്ത്യയെ കുരുക്കാൻ മാസ്റ്റർപ്ലാൻ !! ജമ്മു മിസ്റ്ററി സ്പിന്നറെ ക്യാമ്പിലേക്ക് ക്ഷണിച്ച് ഓസ്ട്രേലിയ

ഇന്ത്യൻ സ്പിന്നർമാരെ നേരിടാൻ മാസ്റ്റർപ്ലാൻ തയ്യാറാക്കി ഓസ്ട്രേലിയൻ ടീം. നിലവിൽ ബാംഗ്ലൂരിൽ പരിശീലനം നടത്തുന്ന ഓസ്ട്രേലിയ തങ്ങളുടെ പരിശീലന ക്യാമ്പിലേക്ക് ജമ്മു കാശ്മീരിൻ്റെ മിസ്റ്ററി സ്പിന്നറായ ആബിദ് മുഷ്താഖിനെ ക്ഷണിച്ചിരിക്കുകയാണ്. കാരണം എന്തെന്നോ ? രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ എന്നിവർ ഉയർത്തുന്ന വെല്ലുവിളി നേരിടാൻ.

ഹോമിൽ 6 ടെസ്റ്റിൽ നിന്നും 39 വിക്കറ്റ് നേടിയ അക്ഷർ പട്ടേൽ താൻ എത്രത്തോളം അപകടകാരിയാണെന്ന് തെളിയിച്ചുകഴിഞ്ഞു. മറുഭാഗത്ത് രവീന്ദ്ര ജഡേജയ്ക്ക് മുൻപിൽ ഓസ്ട്രേലിയ എല്ലായ്പ്പോഴും വിറച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അശ്വിനും ജഡേജയും അക്ഷറും അടങ്ങുന്ന വെല്ലുവിളി നേരിടാൻ പാഠ പുസ്തകത്തിൽ നിന്നും പുറത്തുള്ള അറിവുകൾ ഓസ്ട്രേലിയ പ്രയോഗിക്കേണ്ടിവരും. ഇതിൻ്റെ ഭാഗമായാണ് രഞ്ജിയിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച താരത്തെ ഓസ്ട്രേലിയ തങ്ങളുടെ ബാറ്റ്സ്മാന്മാർക്കെതിരെ പന്തെറിയാൻ ക്ഷണിച്ചിരിക്കുന്നത്.

ലോകോത്തര ബാറ്റ്സ്മാന്മാരായ സ്റ്റീവ് സ്മിത്ത്, മാർനസ് ലാബുഷെയ്ൻ, ഡേവിഡ് വാർണർ അടക്കമുള്ളവർക്കെതിരെ ബൗൾ ചെയ്യാൻ സാധിക്കുന്നത് അബിദ് മുഷ്താഖിനും ഗുണം ചെയ്യും. ബാംഗ്ലൂരിലെ അഞ്ച് ദിവസത്തെ ക്യാമ്പിന് ശേഷം ഓസ്ട്രേലിയൻ ടീം നാഗ്പൂരിലേക്ക് യാത്ര തിരിക്കും.

ഫെബ്രുവരി ഒമ്പതിന് നാഗ്പൂരിലാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ഡൽഹിയിൽ രണ്ടാം ടെസ്റ്റും ധർമ്മശാലയിൽ മൂന്നാം ടെസ്റ്റും നടക്കും. അഹമ്മദാബാദിലാണ് പരമ്പരയിലെ അവസാന മത്സരം നടക്കുക.