Skip to content

അശ്വിനെയോ ജഡേജയെയോ അല്ല !! ഓസ്ട്രേലിയ ഭയപ്പെടുന്നത് ആ താരത്തെ

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആവേശകരമായ ടെസ്റ്റ് പരമ്പര ആരംഭിക്കാൻ ഇനി ദിവസങ്ങൾക്ക് മാത്രമാണ് ശേഷിക്കുന്നത്. പരിശീലന മത്സരങ്ങൾ ഒഴിവാക്കിയെങ്കിലും മികച്ച തയ്യാറെടുപ്പാണ് ഓസ്ട്രേലിയ നടത്തികൊണ്ടിരിക്കുന്നത്. ഇതിനിടെ വെല്ലുവിളി നേരിടുവാൻ ഇന്ത്യൻ സ്പിന്നറുടെ ബൗളിങ് വീഡിയോ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ഓസ്ട്രേലിയൻ ടീം. അത് അശ്വിൻ്റെയോ രവീന്ദ്ര ജഡേജയുടെയോ അല്ല ടീമിലെ മറ്റൊരു സ്പിന്നറായ അക്ഷർ പട്ടേലിൻ്റെയാണ്.

ഇതിന് മുൻപ് അശ്വിനെയും ജഡേജയെയും കളിച്ച് പരിചയം ഉള്ളതിനാൽ തന്നെ അക്ഷർ പട്ടേലിനെയാണ് ഓസ്ട്രേലിയൻ ടീം വെല്ലുവിളിയായി കാണുന്നത്. പ്രമുഖ ഓസ്ട്രേലിയൻ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ വർഷം ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച അക്ഷർ പട്ടേൽ എട്ട് മത്സരങ്ങളിൽ നിന്നും ഇതിനോടകം 47 വിക്കറ്റുകൾ നേടികഴിഞ്ഞു. ബാറ്റിങിലും മികവ് പുലർത്തിയ താരം ഒരു ഫിഫ്റ്റിയടക്കം 249 റൺസ് ടെസ്റ്റിൽ നേടിയിട്ടുണ്ട്. സ്പിൻ ട്രാക്കുകളിൽ ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ച അക്ഷർ പട്ടേലിന് മുൻപിൽ പിടിച്ചുനിൽക്കുകയെന്നത് ഓസ്ട്രേലിയൻ ബാറ്റ്സ്മാന്മാർക്ക് എളുപ്പമാവില്ല. സ്റ്റീവ് സ്മിത്ത്, മാർനസ് ലാബുഷെയ്ൻ എന്നിവരെ ഒഴിച്ചുനിർത്തിയാൽ മറ്റാർക്കും തന്നെ സ്പിന്നിനെതിരെ മികച്ച റെക്കോഡല്ല ഉള്ളത്.

ഫെബ്രുവരി ഒമ്പതിന് ആരംഭിക്കുന്ന പരമ്പര ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടുവാൻ ഇന്ത്യയ്ക്ക് പ്രധാനമാണ്. മൂന്ന് മത്സരങ്ങളിൽ എങ്കിലും വിജയിച്ചാൽ മാത്രമേ ഫൈനൽ ഉറപ്പിക്കുവാൻ ഇന്ത്യയ്ക്ക് സാധിക്കൂ. മറുഭാഗത്ത് ഒരു സമനില നേടിയാൽ മറ്റു ടീമുകളുടെ റിസൾട്ടിന് കാത്തിരിക്കാതെ ഫൈനൽ ഉറപ്പിക്കാൻ ഓസ്ട്രേലിയക്ക് സാധിക്കും. 4-0 ന് തോറ്റാലും ന്യൂസിലൻഡ് ശ്രീലങ്ക പരമ്പരയിൽ ന്യൂസിലൻഡ് ഒരു മത്സരത്തിൽ വിജയിച്ചാലോ ഒരു മത്സരം സമനിലയിൽ കലാശിച്ചാലോ ഓസ്ട്രേലിയക്ക് ഫൈനൽ ഉറപ്പിക്കാം.