Skip to content

ധോണി പോയതിനാൽ ആ ചുമതല ഇനി എൻ്റെയാണ് !! ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ

ഇന്ത്യൻ ടി20 ടീമിൽ തൻ്റെ ബാറ്റിങ് ശൈലിയിൽ വരുത്തിയ മാറ്റത്തെ കുറിച്ച് മനസ്സുതുറന്ന് ഇന്ത്യൻ നായകൻ ഹാർദിക്ക് പാണ്ഡ്യ. എല്ലായ്പ്പോഴും സിക്സ് നേടുന്നത് താൻ ആസ്വദിക്കുന്നുവെന്നും പക്ഷേ ഒരു സീനിയർ താരമെന്ന നിലയിൽ ടീമിന് വേണ്ടി ശൈലിയിൽ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്നും ഹാർദിക്ക് പാണ്ഡ്യ പറഞ്ഞു.

ഇന്ത്യൻ ടീമിൽ നിന്നും ധോണി പോയതോടെ സമ്മർദ്ദത്തെ നേരിട്ട് കളിക്കളത്തിൽ ശാന്തത ഉറപ്പാക്കേണ്ട ചുമതല ഇപ്പോൾ തൻ്റേതായി മാറിയെന്നും ഹാർദിക്ക് പാണ്ഡ്യ പറഞ്ഞു. ഇന്ത്യൻ ടീമിൽ പരിക്കിന് ശേഷം തിരിച്ചെത്തിയത് മുതൽ മികച്ച പ്രകടനമാണ് പാണ്ഡ്യ പുറത്തെടുത്തിട്ടുള്ളത്. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ പ്ലേയർ ഓഫ് ദി സിരീസും താരത്തെ തേടിയെത്തി.

” സിക്സ് നേടുന്നത് എല്ലായ്പ്പോഴും ഞാൻ ആസ്വദിച്ചിരുന്നു. പക്ഷേ അതാണ് ജീവിതം നമ്മൾ പരിണമിക്കേണ്ടതുണ്ട്. ഞാൻ കൂട്ടുകെട്ടുകളിൽ വിശ്വസിക്കുന്നു. എൻ്റെ ബാറ്റിങ് പങ്കാളിയ്ക്കും ടീമിനും ഉറപ്പും ശാന്തതയും നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ ടീമിൽ മറ്റുള്ളവരേക്കാൾ കൂടുതൽ മത്സരങ്ങൾ ഞാൻ കളിച്ചിട്ടുണ്ട്. സമ്മർദ്ദത്തെ എങ്ങനെ നേരിടണമെന്നും അതിജീവിക്കണമെന്നും ഞാൻ പഠിച്ചു. ”

” ഒരുപക്ഷേ അതിനായി എൻ്റെ സ്ട്രൈക്ക് റേറ്റ് കുറക്കേണ്ടിവന്നേക്കാം. പുതിയ റോളുകൾ ഞാൻ എന്നും ആകാംക്ഷയോടെയാണ് നോക്കികണ്ടിട്ടുള്ളത്. മുന്നിൽ നിന്നുകൊണ്ട് ടീമിനെ നയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ലോ ഓർഡറിൽ ബാറ്റ് ചെയ്യുന്നതിൽ എനിക്ക് പ്രശ്നമില്ല. മഹി ആ റോൾ നിർവഹിച്ചിരുന്നു. അന്ന് യുവതാരമായ ഞാൻ തലങ്ങും വിലങ്ങും ഷോട്ടുകൾ പായിക്കുമായിരുന്നു. പക്ഷേ അദ്ദേഹം പോയതോടെ ആ ചുമതല എൻ്റേതായി മാറി. എനിക്കതിൽ പ്രശ്നമില്ല. നമ്മൾ മത്സരങ്ങൾ വിജയിക്കുന്നു. അതുകൊണ്ട് അൽപ്പം പതുക്കെ കളിച്ചാലും പ്രശ്നമില്ല ” ഹാർദിക്ക് പാണ്ഡ്യ പറഞ്ഞു.