Skip to content

സൂപ്പർ ഗിൽ !! ന്യൂസിലൻഡിനെതിരെ തകർപ്പൻ സെഞ്ചുറി നേടി ഇന്ത്യൻ യുവ ഓപ്പണർ

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ സെഞ്ചുറി നേടി തകർത്തടിച്ച് ശുഭ്മാൻ ഗിൽ. 54 പന്തിൽ നിന്നുമാണ് അന്താരാഷ്ട്ര ടി20 യിലെ തൻ്റെ ആദ്യ സെഞ്ചുറി ശുഭ്മാൻ ഗിൽ നേടിയത്.

അന്താരാഷ്ട്ര ടി20 യിൽ സെഞ്ചുറി നേടുന്ന ഏഴാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനാണ് ശുഭ്മാൻ ഗിൽ. സുരേഷ് റെയ്ന, രോഹിത് ശർമ്മ, കെ എൽ രാഹുൽ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, വിരാട് കോഹ്ലി എന്നിവരാണ് അന്താരാഷ്ട്ര ടി20 യിൽ സെഞ്ചുറി നേടിയിട്ടുള്ള മറ്റ് ഇന്ത്യൻ ബാറ്റ്സ്മാന്മാർ. മത്സരത്തിലെ സെഞ്ചുറിയോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലും സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമെന്ന റെക്കോർഡും ഗിൽ സ്വന്തമാക്കി.

മത്സരത്തിൽ 63 പന്തിൽ 12 ഫോറും 7 സിക്സും ഉൾപ്പടെ 126 റൺസ് ശുഭ്മാൻ ഗിൽ അടിച്ചുകൂട്ടി.

ഗില്ലിൻ്റെ സെഞ്ചുറി മികവിൽ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് ഇന്ത്യ നേടി. സെഞ്ചുറി നേടിയ ഗില്ലിനൊപ്പം 22 പന്തിൽ 4 ഫോറും 3 സിക്സും അടക്കം 44 റൺസ് നേടിയ രാഹുൽ ത്രിപാതിയും 13 പന്തിൽ 24 റൺസ് നേടിയ സൂര്യകുമാർ യാദവും 17 പന്തിൽ 30 റൺസ് നേടിയ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യയും ഇന്ത്യയ്ക്കായി മികവ് പുലർത്തി.