Skip to content

മര്യാദയുള്ള പിച്ചുകൾ ഒരുക്കിയാൽ ഞങ്ങൾ വിജയിക്കും !! വെല്ലുവിളിച്ച് മുൻ ഓസ്ട്രേലിയൻ താരം

ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ മോശമല്ലാത്ത പിച്ചുകൾ ഒരുക്കുകയാണെങ്കിൽ വിജയം കുറിക്കാൻ ഓസ്ട്രേലിയക്ക് സാധിക്കുമെന്ന് മുൻ ഓസ്ട്രേലിയൻ താരം ഇയാൻ ഹീലി. കഴിഞ്ഞ തവണ ഇന്ത്യ ഒരുക്കിയത് ന്യായമില്ലാത്ത മോശം പിച്ചുകളാണെന്നും അങ്ങനെയെങ്കിൽ ഓസ്ട്രേലിയക്ക് വിജയം പ്രയാസകരമായിരിക്കുമെന്നും ഇയാൻ ഹീലി പറഞ്ഞു.

കഴിഞ്ഞ മൂന്ന് ബോർഡർ ഗവാസ്കർ ട്രോഫി പരമ്പരയിലും വിജയിച്ചത് ഇന്ത്യയായിരുന്നു. ഇതിൽ അവസാന രണ്ട് പരമ്പര നടന്നതാകട്ടെ ഓസ്ട്രേലിയയിലും അതുകൊണ്ട് തന്നെ ഇക്കുറി വിജയം നെടേണ്ടത് ഓസ്ട്രേലിയയുടെ അഭിമാനപ്രശ്നം കൂടിയാണ്. ഇതിന് മുൻപ് 2001 ലാണ് ഓസ്ട്രേലിയ അവസാനനായി ഇന്ത്യയിൽ ടെസ്റ്റ് പരമ്പര നേടിയത്.

” തുടക്കത്തിൽ ബാറ്റിങിന് അനുകൂലവും പിന്നീട് സ്ഥിരതയോടെ സ്പിൻ ചെയ്യുന്നതായ ന്യായമായ ഇന്ത്യൻ പിച്ചുകളാണ് അവർ ഒരുക്കുന്നതെങ്കിൽ ഓസ്ട്രേലിയ തീർച്ചയായും വിജയിക്കുമെന്നാണ് ഞാൻ കരുതുന്നത്. പക്ഷേ കഴിഞ്ഞ പരമ്പരയിലെ പോലെ തുടക്കം മുതൽ സ്ഥിരതയില്ലാത്ത സ്പിന്നും ഞെട്ടിപ്പിക്കുന്ന ടേണും നിറഞ്ഞ മര്യാദയില്ലാത്ത പിച്ചുകളാണ് അവർ ഒരുക്കുന്നതെങ്കിൽ ആ സാഹചര്യങ്ങളിൽ ഓസ്ട്രേലിയയേക്കാൾ നന്നായി കളിക്കുന്നത് ഇന്ത്യയായിരിക്കും. ” ഇയാൻ ഹീലി പറഞ്ഞു.

ഈ മാസം ഒമ്പതിന് നാഗ്പൂരിലാണ് പരമ്പര ആരംഭിക്കുന്നത്. നിലവിൽ ഐസിസി ടെസ്റ്റ് റാങ്കിങിൽ ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തും ഇന്ത്യ രണ്ടാം സ്ഥാനത്തുമാണ് ഉള്ളത്.