ഇന്ത്യയെ വിശ്വാസമില്ല !! പരിശീലന മത്സരങ്ങൾ വേണ്ടെന്ന് വെച്ചത് ശരിയായ തീരുമാനം : മുൻ ഓസ്ട്രേലിയൻ താരം

ആവേശകരമായ ബോർഡർ ഗവാസ്കർ ട്രോഫി ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യയ്ക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണവുമായി മുൻ ഓസ്ട്രേലിയൻ താരം ഇയാൻ ഹീലി. പരമ്പരയ്ക്ക് മുൻപായി പരിശീലന മത്സരങ്ങൾ കളിക്കേണ്ടെന്ന ഓസ്ട്രേലിയൻ ടീമിൻ്റെ തീരുമാനത്തെ പിന്തുണച്ച അദ്ദേഹം ഇന്ത്യ ഒരുക്കുന്ന പിച്ചുകളിൽ വിശ്വാസമില്ലെന്ന് തുറന്നടിച്ചു.

എല്ലാ തവണയും പ്രധാനപെട്ട ടെസ്റ്റ് പരമ്പരകൾക്ക് മുൻപായി ടീമുകൾ പരിശീലന മത്സരങ്ങൾ കളിക്കാറുണ്ട്. എന്നാൽ ഇക്കുറി ഓസ്ട്രേലിയൻ ടീം പരിശീലന മത്സരങ്ങൾ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. മത്സരങ്ങൾക്ക് സ്പിൻ പിച്ചുകൾ ഒരുക്കുന്ന ഇന്ത്യ പരിശീലന മത്സരങ്ങൾക്ക് തീർത്തും വ്യത്യസ്തമായ പിച്ചുകൾ ഒരുക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടാണ് ഓസ്ട്രേലിയ ഈ തീരുമാനം എടുത്തത്.

സിഡ്നിയിൽ ഇന്ത്യയിലെ സമാനമായ പിച്ചുകളിൽ തങ്ങളുടെ സ്പിന്നർമാർക്ക് പരിശീലനം നൽകിയെന്നും ഇന്ത്യ അടക്കമുള്ള ആതിഥേയർ നൽകുന്ന സൗകര്യങ്ങളിൽ തങ്ങൾക്ക് വിശ്വാസമില്ലെന്നും ഇയാൻ ഹീലി തുറന്നടിച്ചു. ഇത്രയും വലിയ സിരീസിൽ മികച്ച തയ്യാറെടുപ്പുകൾ നിഷേധിക്കുന്നത് ശരിയല്ലെന്നും ക്രിക്കറ്റ് രാജ്യങ്ങൾക്കിടയിൽ വിശ്വാസത നഷ്ടപെടുന്നതിൽ നിരാശയുണ്ടെന്നും ഇയാൻ ഹീലി കൂട്ടിച്ചേർത്തു.

പരിശീലന മത്സരങ്ങൾക്ക് ഗാബയിലെ പോലെ പച്ചപ്പ് നിറഞ്ഞ പിച്ചുകളാണ് ഇന്ത്യ ഒരുക്കുന്നതെന്നതായിരുന്നു ഓപ്പണർ ഉസ്മാൻ ഖവാജയുടെ പ്രതികരണം. ഫെബ്രുവരി ഒമ്പതിനാണ് ആവേശകരമായ പരമ്പര ആരംഭിക്കുന്നത്.