Skip to content

പിച്ചിലെ കുത്തിതിരിപ്പ് !! ലഖ്നൗ പിച്ച് ക്യൂറേറ്ററെ പുറത്താക്കിയതായി റിപ്പോർട്ട്

ഇന്ത്യ ന്യൂസിലൻഡ് രണ്ടാം ടി20 മത്സരത്തിനായി മോശം പിച്ചൊരുക്കിയ ക്യൂറേറ്ററെ ജോലിയിൽ നിന്നും പുറത്താക്കിയതായി റിപ്പോർട്ടുകൾ. ടി20 ക്രിക്കറ്റിന് ഒട്ടും യോജിക്കാത്ത തരത്തിൽ ഒരുക്കിയ പിച്ച് ക്രിക്കറ്റ് ലോകത്ത് വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഒരു സിക്സ് പോലും ഈ മത്സരത്തിൽ നേടുവാൻ ബാറ്റ്സ്മാന്മാർക്ക് സാധിച്ചിരുന്നില്ല.

ഇന്ത്യ 6 വിക്കറ്റിന് വിജയിച്ച മത്സരത്തിൽ 31 പന്തിൽ 26 റൺസ് നേടിയ സൂര്യകുമാർ യാദവായിരുന്നു ടോപ്പ് സ്കോറർ. നിരവധി വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ പിച്ച് ക്യൂറേറ്ററുടെ സ്റ്റേഡിയം അധികൃതർ പുറത്താക്കിയത്. പുതിയ ക്യൂറേറ്ററെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ ഹോം ഗ്രൗണ്ട് കൂടിയാണ് ഈ സ്റ്റേഡിയം. ഐ പി എല്ലിൽ പുതിയ പിച്ച് ഒരുക്കുമെന്നും അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്.

പിച്ചിനെതിരെ ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ മത്സരശേഷം വിമർശനം ഉന്നയിച്ചിരുന്നു. വിക്കറ്റ് ഞെട്ടിപ്പിക്കുന്നതായിരുന്നുവെന്നും ബുദ്ധിമുട്ടുള്ള വിക്കറ്റുകൾ ഒരുക്കുന്നതിൽ എതിർപ്പില്ലയെന്നും പക്ഷേ ഇത് ടി20 ക്രിക്കറ്റിന് യോജിച്ചതല്ലെന്നും പറഞ്ഞ ഹാർദിക്ക് ക്യൂറേറ്റർമാർ പിച്ച് നേരത്തേ തന്നെ ഒരുക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചു.