Skip to content

മികവ് പുലർത്തി ബൗളർമാർ ; ട്രൈ സിരീസിൽ മൂന്നാം വിജയം കുറിച്ച് ഇന്ത്യ

വെസ്റ്റിൻഡീസിനെ തകർത്ത് വുമൺസ് ട്രൈ സിരീസിൽ മൂന്നാം വിജയം കുറിച്ച് ഇന്ത്യ. എട്ട് വിക്കറ്റിനായിരുന്നു മത്സരത്തിൽ ഇന്ത്യ വിൻഡീസിനെ തകർത്തത്. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 95 റൺസിൻ്റെ വിജയലക്ഷ്യം 13.5 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.

ഇന്ത്യയ്ക്ക് വേണ്ടി ജെമിമ റോഡ്രിഗസ് 39 പന്തിൽ 42 റൺസും ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 23 പന്തിൽ 32 റൺസും നേടി പുറത്താകാതെ നിന്നു. 5 റൺസ് നേടിയ സ്മൃതി മന്ദാന 5 റൺസും ഹർലീൻ ഡിയോൾ 13 റൺസും നേടി പുറത്തായി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 94 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. ഇന്ത്യയ്ക്ക് വേണ്ടി ദീപ്തി ശർമ്മ നാലോവറിൽ 11 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും പൂജ വസ്ത്രക്കർ നാലോവറിൽ 19 റൺസ് വഴങ്ങി രണ്ട് വിക്കറ്റും രാജേശ്വരി ഗയക്വാദ് ഒരു വിക്കറ്റും നേടി. ഇതിന് മുൻപ് ട്രൈ സിരീസിലെ മൂന്നിൽ രണ്ടിലും ഇന്ത്യ വിജയിച്ചിരുന്നു. ഒരു മത്സരമാകട്ടെ മഴമൂലം ഉപേക്ഷിക്കുകയും ചെയ്തു.

ഫെബ്രുവരി രണ്ടിനാണ് ട്രൈ സിരീസിലെ ഫൈനൽ മത്സരം നടക്കുന്നത്. ആതിഥേയരായ സൗത്താഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ.