Skip to content

കുത്തികറങ്ങുന്ന പിച്ചിൽ ആവേശ വിജയം !! പരമ്പരയിൽ തിരിച്ചെത്തി ഇന്ത്യ

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് ആവേശ വിജയം. ബാറ്റിങ് അതിദുഷ്കരമായിരുന്ന പിച്ചിൽ 6 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. വിജയത്തോടെ പരമ്പരയിൽ ഇന്ത്യ ന്യൂസിലൻഡിനൊപ്പമെത്തി.

മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 100 റൺസിൻ്റെ വിജയലക്ഷ്യം 19.5 ഓവറിൽ ഇന്ത്യയ്ക്ക് വേണ്ടി സൂര്യകുമാർ യാദവ് 31 പന്തിൽ 26 റൺസും ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ 20 പന്തിൽ 15 റൺസും നേടി പുറത്താകാതെ നിന്നു. 11 റൺസ് നേടിയ ഗിൽ, 32 പന്തിൽ 19 റൺസ് നേടിയ ഇഷാൻ കിഷൻ, 13 റൺസ് നേടിയ രാഹുൽ ത്രിപാതി, 10 റൺസ് നേടിയ വാഷിംഗ്ടൺ സുന്ദർ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ. ഇന്ത്യയ്ക്ക് വേണ്ടി അർഷ്ദീപ് രണ്ട് വിക്കറ്റും, കുൽദീപ് യാദവ്, ചഹാൽ, വാഷിംഗ്ടൺ സുന്ദർ, ദീപക് ഹൂഡ, ഹാർദിക്ക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

ഫെബ്രുവരി ഒന്നിനാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്.