Skip to content

ഫൈനലിൽ തകർപ്പൻ വിജയം ! അണ്ടർ 19 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്

പ്രഥമ വനിതാ അണ്ടർ 19 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്. ഫൈനലിൽ ഇംഗ്ലണ്ടിനെ 8 വിക്കറ്റിന് തകർത്തുകൊണ്ടാണ് ഇന്ത്യ ലോകകപ്പ് കിരീടം ചൂടിയത്. ഏകപക്ഷീയ വിജയമാണ് ഫൈനൽ പോരാട്ടത്തിലും ഇന്ത്യയുടെ പെൺപുലികൾ സ്വന്തമാക്കിയത്.

മത്സരത്തിൽ ഇംഗ്ലണ്ടിനെ വെറും 68 റൺസിൽ ചുരുക്കികെട്ടിയ ഇന്ത്യ 69 റൺസിൻ്റെ വിജയലക്ഷ്യം 14 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടന്നു. ക്യാപ്റ്റൻ ഷഫാലി വർമ്മ 15 റൺസും ശ്വേത ഷറാവത്ത് 5 റൺസും നേടി പുറത്തായപ്പോൾ സൗമ്യ തിവാരി 24 റൺസും ഗോംഗാധി തൃഷ 24 റൺസും നേടി.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് 17.1 ഓവറിൽ 68 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. നാല് പേർക്ക് മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ രണ്ടക്കം കടക്കുവാൻ സാധിച്ചത്. 19 റൺസ് നേടിയ റയാന മക്ഡൊണാൾഡാണ് ഇംഗ്ലണ്ട് നിരയിലെ ടോപ്പ് സ്കോറർ.

ഇന്ത്യയ്ക്ക് വേണ്ടി ടിദാസ് സദു, അർച്ചന ദേവി, പർശാവി ചോപ്ര എന്നിവർ രണ്ട് വിക്കറ്റ് വീതവും മന്നത് കശ്യപ്, ക്യാപ്റ്റൻ ഷഫാലി വർമ്മ, സോനം യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. ടൂർണമെൻ്റിൽ ഫൈനൽ അടക്കം കളിച്ച ഏഴ് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ഇന്ത്യ പരാജയപെട്ടത്. ബാക്കി ഏഴിലും ഏകപക്ഷീയമായ വിജയം ഇന്ത്യ സ്വന്തമാക്കി.