പന്തിന് പകരക്കാരനാകാൻ ആർക്കും കഴിയില്ല !! ഇന്ത്യയ്ക്ക് മുൻപിലുള്ള വെല്ലുവിളി ചൂണ്ടികാട്ടി മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ

അടുത്ത മാസം ആരംഭിക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ വിക്കറ്റ് കീപ്പർ ബാറ്റ്സമാൻ റിഷഭ് പന്തിൻ്റെ അഭാവം ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്ന് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ഇയാൻ ചാപ്പൽ. പന്തിൻ്റെ അഭാവം ഇന്ത്യൻ ടീമിൻ്റെ മുൻനിരയുടെ സമ്മർദ്ദം വർധിപ്പിക്കുമെന്നും പന്തിന് പകരക്കാരനാകുവാൻ ആർക്കും കഴിയില്ലെന്നും ചാപ്പൽ പറഞ്ഞു.

ഫെബ്രുവരി ഒമ്പതിനാണ് ബോർഡർ ഗവാസ്കർ ട്രോഫി ആരംഭിക്കുന്നത്. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ യോഗ്യത നേടുവാൻ ഇന്ത്യയ്ക്ക് പരമ്പര വിജയം അനിവാര്യമാണ്. മറുഭാഗത്ത് ഒരു സമനില നേടിയാൽ പോലും ഓസ്ട്രേലിയക്ക് ഫൈനൽ ഉറപ്പിക്കാനാകും.

“ഇന്ത്യയ്ക്ക് മുൻപിൽ വെല്ലുവിളികളുണ്ട്. പന്തിൻ്റെ പകരക്കാരൻ്റെ പ്രകടനം മാത്രമല്ല, പന്തിൻ്റെ അഭാവത്തിലൂടെ അവർക്ക് നഷ്ടമാകുന്നത് മികച്ച റൺ റേറ്റാണ്, അതവൻ്റെ അഗ്രസീവ് ബാറ്റിങിൽ നിന്നാണ് ഇന്ത്യയ്ക്ക് ലഭിച്ചുകൊണ്ടിരുന്നത്. ബൗളർമാരിൽ ആധിപത്യം സ്ഥാപിക്കുന്ന പന്തിൻ്റെ കഴിവിന് പകരം വെയ്ക്കാൻ ആർക്കും തന്നെ സാധിക്കില്ല. അതിനാൽ മികച്ച പ്രകടനം മാത്രമല്ല, മികച്ച സ്ട്രൈക്ക് റേറ്റ് നിലനിർത്തുവാനും ഇന്ത്യയ്ക്ക് അവരുടെ ടോപ്പ് ഓർഡർ ബാറ്റിങ് നിരയെ ആശ്രയിക്കേണ്ടിവരും. ” അദ്ദേഹം പറഞ്ഞു.

സീനിയർ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത്, സ്പിന്നർ നേതൻ ലയൺ എന്നിവരെ നിയന്ത്രിക്കാൻ സാധിച്ചാൽ ആതിഥേയരായ ഇന്ത്യയ്ക്ക് പരമ്പര വിജയിക്കാനാകുമെന്നും ഇയാൻ ചാപ്പൽ പറഞ്ഞു.