Skip to content

സച്ചിൻ്റെ ആറാമത്തെ ശ്രമത്തിലാണ് ലോകകപ്പ് വിജയിച്ചത് ! ലോകകപ്പ് വിജയം ഒരിക്കലും എളുപ്പമല്ല : രവിചന്ദ്രൻ അശ്വിൻ

ഐസിസി ടൂർണമെൻ്റുകളിലെ പ്രകടനത്തിൻ്റെ പേരിൽ ഇന്ത്യൻ സീനിയർ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമ്മയും വിമർശനങ്ങളോട് പ്രതികരിച്ച് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. 10 വർഷങ്ങൾക്ക് 2013 ൽ നേടിയ ചാമ്പ്യൻസ് ട്രോഫിയാണ് ഇന്ത്യ അവസാനമായി വിജയിച്ച ഐസിസി ടൂർണമെൻ്റ്. മികച്ച ടീം ഉണ്ടെങ്കിൽ കൂടിയും പിന്നീട് ഐസിസി ടൂർണമെൻ്റ് വിജയിക്കുവാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല.

ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ ടീം എത്തുന്നത്. അതിനിടെയാണ് സീനിയർ താരങ്ങൾ നേരിടുന്ന വിമർശനങ്ങളോട് അശ്വിൻ പ്രതികരിച്ചത്. ലോകകപ്പ് വിജയം ഒരിക്കലും എളുപ്പമല്ലയെന്നും സച്ചിൻ തൻ്റെ ആറാമത്തെ ശ്രമത്തിലാണ് ലോകകപ്പ് കിരീടം ചൂടിയതെന്ന് ഓർക്കണമെന്നും ധോണി ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത ആദ്യ ലോകകപ്പ് തന്നെ നേടിയെന്ന് കരുതി അതെപ്പോഴും സംഭവിക്കുകയില്ലെന്നും അശ്വിൻ പറഞ്ഞു.

” നിങ്ങളത് നേടിയിട്ടില്ലെന്ന് പറയുവാൻ എളുപ്പമാണ്. 1983 ലോകകപ്പിന് ശേഷം സച്ചിൻ ടെണ്ടുൽക്കർ 1992, 1996, 1999, 2003, 2007 എന്നീ ലോകകപ്പുകൾ കളിച്ചു. ഒടുവിൽ 2011 ലോകകപ്പ് അദ്ദേഹം നേടി. അദ്ദേഹത്തിന് ലോകകപ്പ് നേടുവാൻ 6 ലോകകപ്പുകൾ കാത്തിരിക്കേണ്ടിവന്നു. മറ്റൊരു ഇതിഹാസമായ എം എസ് ധോണി ക്യാപ്റ്റൻ ഏറ്റെടുത്തയുടൻ ലോകകപ്പ് നേടി എന്നതുകൊണ്ട് അതെല്ലാവർക്കും സംഭവിക്കണമെന്നില്ല. ” അശ്വിൻ പറഞ്ഞു.

” രോഹിത് ശർമ്മയും കോഹ്ലിയും 2007 ലോകകപ്പിൽ കളിച്ചിട്ടില്ല. രോഹിത് ശർമ്മയ്ക്കാകട്ടെ 2011 ലോകകപ്പും നഷ്ടമായി. 2011, 2015, 2019 എന്നീ ലോകകപ്പുകളിൽ മാത്രമാണ് കോഹ്ലി കളിച്ചത്. അവൻ ഐസിസി ടൂർണമെൻ്റ് വിജയിച്ചിട്ടില്ല എന്ന് പലരും പറയുന്നു. പക്ഷേ 2011 ലോകകപ്പ് ടീമിൽ അവനുണ്ടായിരുന്നു. 2013 ൽ ചാമ്പ്യൻസ് ട്രോഫിയും അവൻ നേടി. രോഹിത് ശർമ്മയും ചാമ്പ്യൻസ് ട്രോഫി നേടി. അവർ ഐ പി എല്ലും മറ്റു പരമ്പരകളും കളിക്കുന്നു. പക്ഷേ ഐസിസി ടൂർണമെൻ്റ് വിജയിക്കാൻ നിർണായക നിമിഷങ്ങൾ നിങ്ങളുടെ പക്കലായിരിക്കണം. ” അശ്വിൻ കൂട്ടിച്ചേർത്തു.