Skip to content

നടന്നത് വാഷിങ്ടൺ സുന്ദറും ന്യൂസിലൻഡും തമ്മിലുള്ള പോരാട്ടമായിരുന്നു : ഹാർദിക്ക് പാണ്ഡ്യ

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യൻ ഓൾ റൗണ്ടർ വാഷിങ്ടൺ സുന്ദറിനെ പ്രശംസിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ. നടന്നത് വാഷിങ്ടൺ സുന്ദറും ന്യൂസിലൻഡും തമ്മിലുള്ള പോരാട്ടമായിരുന്നുവെന്നും താരത്തിൻ്റെ പ്രകടനം മുൻപോട്ട് പോകുമ്പോൾ ഇന്ത്യൻ ടീമിന് കൂടുതൽ ആത്മവിശ്വാസം നൽകുമെന്നും പാണ്ഡ്യ പറഞ്ഞു.

ഇന്ത്യ 21 റൺസിന് പരാജയപെട്ട മത്സരത്തിൽ നാലോവറിൽ 22 റൺസ് വഴങ്ങി രണ്ട് വിക്കറ്റും 28 പന്തിൽ 5 ഫോറും മൂന്ന് സിക്സും ഉൾപ്പടെ 50 റൺസും സുന്ദർ നേടിയിരുന്നു.

” അവൻ ബൗളിങും ഫീൽഡിങും ബാറ്റിങും ചെയ്ത രീതി ഇന്ന് ന്യൂസിലൻഡിനെതിരെ മത്സരിച്ചത് വാഷിങ്ടൺ സുന്ദറാണോ എന്ന് തോന്നിച്ചു. ബാറ്റ് ചെയ്യുവാനും ബൗൾ ചെയ്യുവാനും കഴിയുന്ന ഒരാളെ ഞങ്ങൾക്ക് ആവശ്യമായിരുന്നു. അവൻ്റെ പ്രകടനം വളരെയധികം ആത്മവിശ്വാസം നൽകുന്നു. മുൻപോട്ട് പോകുവാൻ അത് ഞങ്ങളെ സഹായിക്കും. ” ഹാർദിക്ക് പാണ്ഡ്യ മത്സരശേഷം പറഞ്ഞു.

മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 177 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടുവാനെ സാധിച്ചുള്ളൂ. 50 റൺസ് നേടിയ വാഷിങ്ടൺ സുന്ദറിനെ കൂടാതെ 34 പന്തിൽ 47 റൺസ് നേടിയ സൂര്യകുമാർ യാദവ് മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്.