തിരിച്ചുവരവ് ഗംഭീരമാക്കി ജഡേജ ! രഞ്ജി ട്രോഫിയിൽ തമിഴ്നാടിനെ എറിഞ്ഞുവീഴ്ത്തി

ക്രിക്കറ്റ് കളികളത്തിലേക്കുള്ള തൻ്റെ തിരിച്ചുവരവ് രാജകീയമാക്കി ഇന്ത്യയുടെ സീനിയർ താരം രവീന്ദ്ര ജഡേജ. ബോർഡർ ഗവാസ്കർ ട്രോഫിയ്ക്കുള്ള തയ്യാറെടുപ്പിൻ്റെ ഭാഗമായി രഞ്ജി ട്രോഫിയിൽ സൗരാഷ്ട്രയ്ക്ക് വേണ്ടി കളിച്ച ജഡേജ തകർപ്പൻ ബൗളിങ് പ്രകടനം മത്സരത്തിൽ പുറത്തെടുത്തു.

ആദ്യ ഇന്നിങ്സിൽ വിക്കറ്റ് ഒന്നും തന്നെ നേടാതിരുന്ന ജഡേജ രണ്ടാം ഇന്നിങ്സിൽ 17.1 ഓവറിൽ 53 റൺസ് വഴങ്ങി ഏഴ് വിക്കറ്റുകൾ നേടികൊണ്ട് തമിഴ്നാടിനെ എറിഞ്ഞുവീഴ്ത്തി. ജഡേജ തൻ്റെ മികവ് പുറത്തെടുത്തതോടെ രണ്ടാം ഇന്നിങ്സിൽ വെറും 133 റൺസ് നേടുവാൻ മാത്രമേ തമിഴ്നാടിന് സാധിച്ചുള്ളൂ.

കഴിഞ്ഞ വർഷം ഏഷ്യ കപ്പിനിടെയാണ് ജഡേജയ്ക്ക് പരിക്ക് പറ്റിയത്. തുടർന്ന് ഐസിസി ടി20 ലോകകപ്പും മറ്റു പരമ്പരകളും ജഡേജയ്ക്ക് നഷ്ടപെട്ടിരുന്നു. കളിക്കളത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്ന താരത്തെ പരിക്ക് ഭേദപെട്ടതോടെയാണ് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ആദ്യ രണ്ട് മത്സരങ്ങളിൽ ഇന്ത്യ ഉൾപ്പെടുത്തിയത്. അതിന് മുൻപായാണ് മാച്ച് ഫിറ്റ്നസ് തെളിയിക്കാൻ ജഡേജ രഞ്ജിയിൽ കളിച്ചത്.

രഞ്ജിയിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തതോടെ ഇനി പ്ലേയിങ് ഇലവനിൽ ജഡേജ ഉണ്ടാകുമോ എന്നാണ് കണ്ടറിയേണ്ടത്. ജഡേജയുടെ അഭാവത്തിൽ ഇന്ത്യയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനം തുടരുന്ന അക്ഷർ പട്ടേലിനെ ഇനി ഒഴിവാക്കുമോയെന്ന് കണ്ടുതന്നെയറിയണം.