Skip to content

ഐ പി എല്ലിൽ ടീമിനെ കിട്ടാത്തതിൻ്റെ വാശി വനിതാ ഐ പി എല്ലിൽ തീർത്ത് അദാനി

ഇന്ത്യൻ പ്രീമിയർ ലീഗിൽ ടീമിനെ ലഭിക്കാതിരുന്നതിൻ്റെ കലിപ്പ് വനിത ഐ പി എല്ലിൽ ( വുമൺസ് പ്രീമിയർ ലീഗ് ) ടീമിനെ സ്വന്തമാക്കികൊണ്ട് തീർത്ത് ലോകത്തിലെ ഏറ്റവും ധനികരിൽ ഒരാളായ ഗൗതം അദാനി. കഴിഞ്ഞ തവണ രണ്ട് പുതിയ ഐ പി എൽ ടീമുകളുടെ ലേലത്തിൽ അദാനി ഗ്രൂപ്പ് പങ്കെടുത്തുവെങ്കിലും ലേലത്തിൽ അദാനിയ്ക്ക് പരാജയപെടേണ്ടിവന്നു.

എന്നാലിന്ന് വനിതാ ഐ പി എല്ലിലെ ലേലത്തിൽ പരാജയപെടാൻ ഒരുക്കമല്ലാതെയാണ് അദാനി ഗ്രൂപ്പ് എത്തിയത്. അഹമ്മദാബാദ് ഫ്രാഞ്ചൈസിയെ 1290 കോടിയ്ക്കാണ് അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്. ലേലത്തിൽ വിലയേറിയ രണ്ടാമത്തെ ടീമായ മുംബൈയേക്കാൾ 378 കോടി അധികം നൽകിയാണ് അദാനി ഗ്രൂപ്പ് ടീമിനെ സ്വന്തമാക്കിയത്. 912 കോടിയ്ക്കാണ് മുംബൈ ഫ്രാഞ്ചൈസിയെ അംബാനിയുടെ ഉടമസ്ഥതയിലുള്ള മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ബാംഗ്ലൂർ ഫ്രാഞ്ചൈസിയെയും ഡൽഹി ക്യാപിറ്റൽസ് ഡൽഹി ഫ്രാഞ്ചൈസിയെയും സ്വന്തമാക്കിയപ്പോൾ പ്രമുഖ ഫൈനാൻസ് കമ്പനിയായ Capri Global ലഖ്നൗ ഫ്രാഞ്ചൈസിയെ സ്വന്തമാക്കി. 4669.99 കോടിയാണ് വുമൺസ് പ്രീമിയർ ലീഗിലെ ഫ്രാഞ്ചൈസി ലേലത്തിലൂടെ ബിസിസിഐ നേടിയത്. പ്രഥമ ഐ പി എൽ സീസണിൽ എട്ട് ടീമുകളുടെ ലേലത്തിലൂടെ 2839 കോടിയാണ് ബിസിസിഐയ്ക്ക് ലഭിച്ചിരുന്നത്.