Skip to content

പറത്തിയത് 6 സിക്സ്, ഏകദിന ക്രിക്കറ്റിൽ അഭിമാന നേട്ടവുമായി രോഹിത് ശർമ്മ

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. മൂന്ന് വർഷത്തിന് ശേഷം ഏകദിന ക്രിക്കറ്റിൽ സെഞ്ചുറി കുറിച്ച രോഹിത് ശർമ്മ 85 പന്തിൽ 101 റൺസ് നേടിയാണ് പുറത്തായത്. 6 സിക്സ് മത്സരത്തിൽ രോഹിത് ശർമ്മ നേടിയിരുന്നു. ഇതോടെ ഏകദിന ക്രിക്കറ്റിൽ അഭിമാന നേട്ടം കുറിച്ചിരിക്കുകയാണ് രോഹിത് ശർമ്മ.

മത്സരത്തിൽ നേടിയ 6 സിക്സോടെ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന മൂന്നാമത്തെ ബാറ്റ്സ്മാനെന്ന റെക്കോർഡ് രോഹിത് ശർമ്മ സ്വന്തമാക്കി. മത്സരത്തിൽ നേടിയ 6 സിക്സ് ഉൾപ്പടെ 241 മത്സരങ്ങളിൽ നിന്നും 273 സിക്സ് രോഹിത് ശർമ്മ നേടിയിട്ടുണ്ട്. 445 മത്സരങ്ങളിൽ നിന്നും 270 സിക്സ് നേടിയ മുൻ ശ്രീലങ്കൻ ഓപ്പണർ സനത് ജയസൂര്യയെയാണ് രോഹിത് ശർമ്മ പിന്നിലാക്കിയത്.

301 മത്സരങ്ങളിൽ നിന്നും 331 സിക്സ് നേടിയ മുൻ വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്ൽ, 398 മത്സരങ്ങളിൽ നിന്നും 351 സിക്സ് നേടിയ ഷാഹിദ് അഫ്രീദി എന്നിവർ മാത്രമാണ് ഇനി രോഹിത് ശർമ്മയ്ക്ക് മുൻപിലുള്ളത്.