Skip to content

മൂന്നാം ഏകദിനം, വിജയിച്ചാൽ ഇന്ത്യയെ കാത്തിരിക്കുന്നത് ഒന്നാം റാങ്ക്

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരം നാളെ ഇൻഡോറിൽ നടക്കുകയാണ്. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു. എന്നാൽ മൂന്നാം മത്സരത്തിൽ വിജയിച്ചുകൊണ്ട് പരമ്പര തൂത്തുവാരുവാൻ സാധിച്ചാൽ ഐസിസി ഏകദിന റാങ്കിങിൽ ഒരിടവേളയ്ക്ക് ശേഷം ഒന്നാം സ്ഥാനത്തെത്തുവാൻ ഇന്ത്യയ്ക്ക് സാധിക്കും.

നിലവിൽ ഐസിസി റാങ്കിങിൽ 113 പോയിൻ്റാണ് ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഇന്ത്യ എന്നീ ടീമുകൾക്കുള്ളത്. കഴിഞ്ഞ മത്സരത്തിലെ തോൽവിയോടെയാണ് ന്യൂസിലൻഡിന് ഒന്നാം സ്ഥാനം നഷ്ടപെട്ടത്. നാളെ നടക്കുന്ന മത്സരത്തിലും വിജയം കുറിക്കുവാൻ സാധിച്ചാൽ ഇംഗ്ലണ്ടിനെയും ന്യൂസിലൻഡിനെയും പിന്നിലാക്കികൊണ്ട് ഒന്നാം സ്ഥാനത്തെത്തുവാൻ ഇന്ത്യയ്ക്ക് സാധിക്കും.

പരമ്പരയിലെ ആദ്യ മത്സരത്തിൽ 12 റൺസിൻ്റെ ത്രസിപ്പിക്കുന്ന വിജയം നേടിയ ഇന്ത്യ രണ്ടാം മത്സരത്തിൽ എട്ട് വിക്കറ്റിൻ്റെ ആധികാരിക വിജയം കുറിച്ചിരുന്നു. നേരത്തെ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയും ഇന്ത്യ 3-0 ന് തൂത്തുവാരിയിരുന്നു.

നാളെ ഏകദിന പരമ്പര അവസാനിക്കുന്നതോടെ രോഹിത് ശർമ്മ, വിരാട് കോഹ്ലി അടക്കമുളള താരങ്ങൾ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി പരിശീലനം ആരംഭിക്കും. ഫെബ്രുവരി ഒമ്പതിനാണ് ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനം ആരംഭിക്കുന്നത്.