ക്രിക്കറ്റ് ലോകത്ത് തങ്ങളുടെ സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുകയാണ് ആഫ്രിക്കൻ രാജ്യമായ റുവാണ്ട. സൗത്താഫ്രിക്കയിൽ നടന്നുകൊണ്ടിരിക്കുന്ന അണ്ടർ 19 വനിതാ ലോകകപ്പിൽ സിംബാബ്‌വെയെ തകർത്ത് കൊണ്ട് ഏവരെയും ഞെട്ടിച്ച റുവാണ്ട ഇപ്പോഴിതാ മറ്റൊരു ഐസിസി ഫുൾ മെമ്പർ ടീമായ വെസ്റ്റിൻഡീസിനെയും അട്ടിമറിച്ചിരിക്കുകയാണ്.
ടൂർണമെൻ്റിലെ സൂപ്പർ സിക്സ് പോരാട്ടത്തിൽ നാല് വിക്കറ്റിനാണ് റുവാണ്ട വിൻഡീസിനെ തകർത്തത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസിനെ 16.3 ഓവറിൽ 70 റൺസിന് ചുരുക്കികെട്ടിയ റുവാണ്ട 71 റൺസിൻ്റെ വിജയലക്ഷ്യം 18.2 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
സീനിയർ ടീമുകളുടെ റാങ്കിങിൽ റുവാണ്ട 27 ആം സ്ഥാനത്തും വെസ്റ്റിൻഡീസ് ആറാം സ്ഥാനത്തുമാണുള്ളത് എന്നുപറയുമ്പോൾ തന്നെ റുവാണ്ടൻ ടീമിൻ്റെ വിജയത്തിൻ്റെ പ്രാധാന്യം വ്യക്തമാകും. ക്രിക്കറ്റ് ജനപ്രീതിനേടികൊണ്ടിരിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് റുവാണ്ട. മെൻസ് ക്രിക്കറ്റിനൊപ്പം വനിതാ ക്രിക്കറ്റ് ഈ രാജ്യങ്ങളിൽ ഏറെ ജനപ്രീതി നേടികൊണ്ടിരിക്കുകയാണ്. റുവാണ്ടയെ കൂടാതെ തായ്‌ലൻഡിലും ക്രിക്കറ്റ് ജനപ്രീതി നേടികൊണ്ടിരിക്കുകയാണ്. പുരുഷ ക്രിക്കറ്റിൽ പുറകിലാണെങ്കിൽ കൂടിയും ശക്തമായ വനിതാ ടീം തായ്‌ലൻഡിനുണ്ട്.
എന്നാൽ ഈ വളർച്ച ഉപയോഗപ്പെടുത്തുവാൻ ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം ഐസിസി വർധിപ്പിക്കേണ്ടതുണ്ട്. ഇക്കുറി സൗത്താഫ്രിക്കയിൽ തന്നെ നടക്കുന്ന വനിത ടി20 ലോകകപ്പിലെ എണ്ണം 10 മാത്രമാണ്. ഒരു അസോസിയേറ്റ് ടീം പോലും ഇക്കുറി ലോകകപ്പിന് ഉണ്ടാകില്ല.