Skip to content

ബ്രേസ്വെല്ലിൻ്റെ ഒറ്റയാൾ പോരാട്ടം ഓർമ്മിപ്പിച്ചത് സച്ചിൻ്റെ ആ തകർപ്പൻ ഇന്നിങ്സ്

ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ന്യൂസിലൻഡ് പരാജയപെട്ടുവെങ്കിലും ഈ പരാജയത്തിലും മത്സരത്തിലെ ഹീറോയായിരിക്കുകയാണ് ന്യൂസിലൻഡിൻ്റെ ബ്രേസ്വെൽ. ഹൈദരാബാദിൽ നടന്ന മത്സരത്തിലെ താരത്തിൻ്റെ ഈ ഒറ്റയാൾ പോരാട്ടം ഇതേ വേദിയിൽ വർഷങ്ങൾക്ക് മുൻപ് സച്ചിൻ കാഴ്ച്ചവെച്ച തകർപ്പൻ ഇന്നിങ്സിൻ്റെ ഓർമ്മകളാണ് ആരാധകർക്ക് സമ്മാനിച്ചത്.

13 വർഷങ്ങൾക്ക് മുൻപ് 2009 ൽ ഓസ്ട്രേലിയക്കെതിരായ മത്സരത്തിലായിരുന്നു സച്ചിൻ ടെണ്ടുൽക്കർ ഇതേ വേദിയിൽ ഒറ്റയാൾ പോരാട്ടം നടത്തിയത്. 351 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യവുമായി ഇന്ത്യയ്ക്ക് വേണ്ടി 141 പന്തിൽ 19 ഫോറും 4 സിക്സും ഉൾപ്പടെ 175 റൺസ് സച്ചിൻ ടെണ്ടുൽക്കർ നേടിയിരുന്നു. എന്നാൽ സച്ചിൻ്റെ ഒറ്റയാൾ പോരാട്ടത്തിൽ വിജയം കുറിക്കുവാൻ ഇന്ത്യയ്ക്ക് സാധിച്ചില്ല.

49.4 ഓവറിൽ 347 റൺസ് എടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് മുഴുവൻ വിക്കറ്റും നഷ്ടപെടുകയായിരുന്നു. 59 റൺസ് നേടിയ സുരേഷ് റെയ്നയായിരുന്നു ഇന്ത്യൻ നിരയിലെ അടുത്ത ടോപ്പ് സ്കോറർ. ഇരുവരെയും കൂടാതെ 38 റൺസ് നേടിയ സെവാഗും 23 റൺസ് നേടിയ ജഡേജയും മാത്രമാണ് ഇന്ത്യൻ നിരയിൽ ആ മത്സരത്തിൽ രണ്ടക്കം കടന്നത്. മത്സരത്തിൽ ഇന്ത്യ തോറ്റുവെങ്കിലും പ്ലേയർ ഓഫ് ദി മാച്ച് സച്ചിൻ ടെണ്ടുൽക്കറായിരുന്നു.

ഇപ്പോൾ ഇന്ത്യയ്ക്കെതിരായ ബ്രേസ്വെല്ലിൻ്റെ തകർപ്പൻ പോരാട്ടത്തിന് പുറകെ സച്ചിൻ്റെ ഇന്നിങ്സിനെ കുറിച്ചുള്ള ഓർമ്മകൾ ആരാധകർ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തു. മത്സരത്തിൽ 350 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലൻഡിന് വേണ്ടി 78 പന്തിൽ 12 ഫോറും 10 സിക്സും ഉൾപ്പടെ 140 റൺസ് ബ്രേസ്വെൽ അടിച്ചുകൂട്ടിയിരുന്നു. അവസാന ഓവറിൽ രണ്ടാം പന്തിൽ താരം പുറത്തായതോടെയാണ് ഇന്ത്യ മത്സരത്തിൽ വിജയം കുറിച്ചത്.