Skip to content

ബ്രേസ്‌വെല്ലിനെ പുറത്താക്കാൻ സഹായിച്ചത് കോഹ്ലിയുടെ നിർദ്ദേശം, വെളിപ്പെടുത്തി ഷാർദുൽ താക്കൂർ

ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ മൈക്കൽ ബ്രേസ്വെല്ലിനെ പുറത്താക്കികൊണ്ട് ഇന്ത്യൻ വിജയം ഉറപ്പാക്കാൻ സഹായിച്ചത് വിരാട് കോഹ്ലി തനിക്ക് നൽകിയ നിർദ്ദേശമാണെന്ന് ഇന്ത്യൻ ബൗളർ ഷാർദുൽ താക്കൂർ. അവസാന ഓവറിൽ 20 റൺസ് വേണമെന്നിരിക്കെ അവസാന ഓവർ എറിയുവാനുള്ള ദൗത്യം ഷാർദുൽ താക്കൂറിനെയാണ് രോഹിത് ശർമ്മ ഏൽപ്പിച്ചത്.

താക്കൂറിൻ്റെ ഓവറിലെ ആദ്യ പന്തിൽ തന്നെ സിക്സ് പറത്തികൊണ്ട് ബ്രേസ്വെൽ ഇന്ത്യയെ സമ്മർദ്ദത്തിലാക്കിയിരുന്നു. തൊട്ടടുത്ത പന്താകട്ടെ അമ്പയർ വൈഡ് വിളിക്കുകയും ചെയ്തു. പിന്നീട് അഞ്ച് പന്തിൽ 13 റൺസ് മാത്രമായിരുന്നു ന്യൂസിലൻഡിന് വേണ്ടിയിരുന്നത്. പക്ഷേ സമ്മർദ്ദത്തെ അതിജീവിച്ച് അടുത്ത പന്തിൽ തകർപ്പൻ യോർക്കർ എറിഞ്ഞ താക്കൂർ ബ്രേസ്വെല്ലിനെ വിക്കറ്റിന് മുൻപിൽ കുടുക്കി പുറത്താക്കുകയായിരുന്നു. താരം റിവ്യൂ ചെയ്തുവെങ്കിലും തേർഡ് അമ്പയറുടെ പരിശോധനയിൽ LBW സ്ഥിരീകരിക്കുകയായിരുന്നു.

മുൻപത്തെ പന്തിൽ സിക്സും വൈഡും വഴങ്ങിയ ശേഷം ആ പന്തിൽ യോർക്കർ എറിയാൻ ആവശ്യപെട്ടത് മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണെന്ന് മത്സരശേഷം സ്റ്റാർ സ്പോർട്ട്സിനോട് സംസാരിക്കവെ താക്കൂർ വെളിപ്പെടുത്തി.

” ബാറ്റ്സ്മാനെ പുറത്താക്കുവാൻ യോർക്കർ ലെങ്തിൽ പന്തെറിയാൻ ആവശ്യപെട്ടത് വിരാട് ഭായാണ് ” മത്സരശേഷം താക്കൂർ വെളിപ്പെടുത്തി.

12 റൺസിൻ്റെ ആവേശവിജയമാണ് മത്സരത്തിൽ ഇന്ത്യ നേടിയത്. 350 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലൻഡിന് വേണ്ടി 78 പന്തിൽ 140 റൺസ് നേടി ബ്രേസ്വെൽ ഒറ്റയാൾ പോരാട്ടം നടത്തിയെങ്കിലും 337 റൺസ് എടുക്കുന്നതിനിടെ സന്ദർശകർക്ക് മുഴുവൻ വിക്കറ്റും നഷ്ടമായി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഡബിൾ സെഞ്ചുറി നേടിയ ശുഭ്മാൻ ഗില്ലിൻ്റെ മികവിലാണ് 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 349 റൺസ് നേടിയത്.