Skip to content

ഏകദിന ക്രിക്കറ്റിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി മൈക്കൽ ബ്രേസ്‌വെൽ

ത്രസിപ്പിക്കുന്ന പ്രകടനമായിരുന്നു ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡ് താരം മൈക്കൽ ബ്രേസ്വെൽ കാഴ്ച്ചവെച്ചത്. ഇന്ത്യ അനായാസ വിജയം നേടുമെന്ന് തോന്നിച്ച മത്സരമാണ് തകർപ്പൻ സെഞ്ചുറിയിലൂടെ താരം ആവേശകരമാക്കിയത്. മത്സരത്തിലെ ഈ സെഞ്ചുറിയോടെ ഏകദിന ക്രിക്കറ്റിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡ് താരം സ്വന്തമാക്കി.

മത്സരത്തിൽ ഏഴാമനായി ക്രീസിലെത്തിയ താരം 78 പന്തിൽ 12 ഫോറും 10 സിക്സും ഉൾപ്പടെ 140 റൺസ് നേടിയാണ് പുറത്തായത്. മത്സരത്തിലെ ഈ സെഞ്ചുറിയോടെ ഏകദിന ക്രിക്കറ്റിൽ ഏഴാം നമ്പറിൽ ചേസിങിൽ രണ്ട് സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്സ്മാനെന്ന അപൂർവ്വ റെക്കോർഡ് ബ്രേസ്വെൽ സ്വന്തമാക്കി.

ഇതിന് മുൻപ് കഴിഞ്ഞ വർഷം അയർലൻഡിനെതിരായ ഏകദിന മത്സരത്തിലായിരുന്നു ഏഴാമനായി ക്രീസിലെത്തി ബ്രേസ്വെൽ സെഞ്ചുറി നേടിയത്. 301 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലൻഡിന് 217 റൺസ് എടുക്കുന്നതിനിടെ എട്ട് വിക്കറ്റും നഷ്ടപെട്ടിരുന്നു. വമ്പൻ പരാജയത്തെ അഭിമുഖീകരിച്ച ന്യൂസിലൻഡിനെ തകർപ്പൻ സെഞ്ചുറി നേടികൊണ്ട് താരം വിജയത്തിലെത്തിക്കുകയായിരുന്നു.

82 പന്തിൽ 10 ഫോറും 7 സിക്സും ഉൾപ്പടെ പുറത്താകാതെ 127 റൺസ് താരം മത്സരത്തിൽ നേടിയിരുന്നു. അവസാന ഓവറിൽ 20 റൺസ് വേണമെന്നിരിക്കെ ആദ്യ അഞ്ച് പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സും പറത്തികൊണ്ടായിരുന്നു താരം ന്യൂസിലൻഡിനെ ആവേശവിജയത്തിലെത്തിച്ചത്.