Skip to content

ഏറ്റവും മികച്ച ഏകദിന ഇന്നിങ്സുകളിൽ ഒന്ന്, ബ്രേസ്‌വെല്ലിനെ പ്രശംസിച്ച് ക്രിക്കറ്റ് ലോകം

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ആവേശവിജയം കുറിച്ചിരിക്കുകയാണ് ഇന്ത്യ. ഡബിൾ സെഞ്ചുറി നേടിയ ഗില്ലും നാല് വിക്കറ്റ് വീഴ്ത്തിയ സിറാജുമാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്. എന്നാൽ ഇന്ത്യൻ വിജയത്തിലും ഹീറോയായിരിക്കുകയാണ് ന്യൂസിലൻഡിൻ്റെ മൈക്കൽ ബ്രേസ്വെൽ.

ഒരുപക്ഷേ ഏകപക്ഷീയമായി അവസാനിക്കേണ്ടിയിരുന്ന മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടികൊണ്ട് ബ്രേസ്വെൽആവേശകരമാക്കുകയായിരുന്നു. 350 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന കിവികൾക്ക് 131 റൺസ് എടുക്കുന്നതിനിടെ 6 വിക്കറ്റ് നഷ്ടപെട്ടിരുന്നു. അവിടെ നിന്നാണ് ബ്രേസ്വെൽ മിച്ചൽ സാൻ്റ്നർക്കൊപ്പം ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചത്. ഏഴാം വിക്കറ്റിൽ 162 റൺസ് ഇരുവരും കൂട്ടിച്ചേർത്തു.

57 റൺസ് നേടിയ സാൻ്റ്നറെ സിറാജ് പുറത്താക്കിയെങ്കിലും ബ്രേസ്വെൽ പോരാട്ടം അവസാനിപ്പിച്ചില്ല. മത്സരം അവസാന ഓവറിലേക്ക് എത്തിച്ച താരം അവസാന ഓവറിലെ ആദ്യ പന്തിൽ തന്നെ സിക്സ് പറത്തി ഇന്ത്യയെ വിറപ്പിച്ചു. എന്നാൽ ഓവറിലെ രണ്ടാം പന്തിൽ താരത്തെ പുറത്താക്കികൊണ്ട് ഷാർദുൽ താക്കൂർ ഇന്ത്യൻ വിജയം ഉറപ്പിക്കുകയായിരുന്നു.

ഇതാദ്യമായല്ല ഇത്തരത്തിലൊരു പ്രകടനം താരം പുറത്തെടുക്കുന്നത്. ഇതിന് മുൻപ് അയർലൻഡിനെതിരായ ഏകദിന മത്സരത്തിൽ തോൽവിയിൽ നിന്നും ന്യൂസിലൻഡിനെ താരം രക്ഷിച്ചിരുന്നു. 301 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലൻഡിനെതിരെ 217 റൺസിൽ എട്ട് വിക്കറ്റ് വീഴ്ത്തികൊണ്ട് അയർലൻഡ് വിജയം ഏറെകുറെ ഉറപ്പിച്ചിരുന്നു. എന്നാൽ ഒരുഭാഗത്ത് നിലയുറപ്പിച്ച ബ്രേസ്വെൽ 82 പന്തിൽ പുറത്താകാതെ 127 റൺസ് നേടികൊണ്ട് ഒരു പന്ത് ബാക്കിനിൽക്കേ കിവികളെ വിജയത്തിലെത്തിച്ചിരുന്നു.