Skip to content

തോൽവിയിലും ഹീറോയായി ബ്രേസ്‌വെൽ, ആവേശവിജയം കുറിച്ച് ഇന്ത്യ

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഇന്ത്യയ്ക്ക് 12 റൺസിൻ്റെ ആവേശവിജയം. ന്യൂസിലൻഡിന് വേണ്ടി ബ്രേസ്വെൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചുവെങ്കിലും അവസാന ഓവറിൽ താരത്തെ പുറത്താക്കികൊണ്ട് ഇന്ത്യ വിജയം കുറിക്കുകയായിരുന്നു.

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 350 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിന് 49.2 ഓവറിൽ 337 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. മത്സരത്തിൽ പരാജയപെട്ടുവെങ്കിലും ഒറ്റയാൾ പോരാട്ടം നടത്തി ഇന്ത്യയെ വിറപ്പിച്ച ബ്രേസ്വെൽ മത്സരത്തിലെ ഹീറോയായി.

350 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലൻഡിന് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. 131 റൺസ് എടുക്കുന്നതിനിടെ 6 വിക്കറ്റുകൾ ന്യൂസിലൻഡിന് നഷ്‌ടപെട്ടിരുന്നു. ഇന്ത്യ അനായാസ വിജയം കുറിക്കുമെന്ന് തോന്നിച്ചുവെങ്കിലും ഏഴാം വിക്കറ്റിൽ ബ്രേസ്വെല്ലും മിച്ചൽ സാൻ്റ്നറും കൂടിചേർന്നുകൊണ്ട് ന്യൂസിലൻഡിനെ മത്സരത്തിൽ തിരിച്ചെത്തിക്കുകയായിരുന്നു. ഏഴാം വിക്കറ്റിൽ 162 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. 46 ആം ഓവറിൽ മിച്ചൽ സാൻ്റ്നറെ പുറത്താക്കികൊണ്ട് മൊഹമ്മദ് സിറാജാണ് ഈ കൂട്ടുകെട്ട് തകർത്തത്.

മിച്ചൽ സാൻ്റ്നർ 45 പന്തിൽ 7 ഫോറും ഒരു സിക്സും ഉൾപ്പടെ 57 റൺസ് നേടിയപ്പോൾ മൈക്കൽ ബ്രേസ്വെൽ പന്തിൽ റൺസ് നേടിയപ്പോൾ സെഞ്ചുറി നേടി തകർത്തടിച്ച ബ്രേസ്വെൽ 78 പന്തിൽ 12 ഫോറും 10 സിക്സും ഉൾപ്പടെ 140 റൺസ് നേടി പുറത്തായി.

ഇന്ത്യയ്ക്ക് വേണ്ടി മൊഹമ്മദ് സിറാജ് പത്തോവറിൽ 46 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഇരട്ട സെഞ്ചുറി നേടിയ ശുഭ്മാൻ ഗില്ലിൻ്റെ മികവിലാണ് വമ്പൻ സ്കോർ കുറിച്ചത്. 149 പന്തിൽ 19 ഫോറും 9 സിക്സും ഉൾപ്പടെ 208 റൺസ് നേടിയാണ് ശുഭ്മാൻ ഗിൽ പുറത്തായത്. 28 പന്തിൽ 34 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയായിരുന്നു ഇന്ത്യൻ നിരയിലെ രണ്ടാമത്തെ ടോപ്പ് സ്കോറർ.