Skip to content

ഐ പി എല്ലിൽ കിട്ടിയത് റാഷിദ് ഖാന് തിരിച്ചുകൊടുത്ത് മാർക്കോ യാൻസൻ, ഓവറിൽ അടിച്ചുകൂട്ടിയത് 28 റൺസ്

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ് റാഷിദ് ഖാൻ. ഏത് ഫോർമാറ്റിലും റാഷിദ് ഖാനെ നേരിടുകയെന്നത് ഏതൊരു ബാറ്റ്സ്മാനെ സംബന്ധിച്ചും വലിയ വെല്ലുവിളിയാണ്. എന്നാൽ ആ റാഷിദ് ഖാനെതിരെ ഒരോവറിൽ 28 റൺസ് അടിച്ചുകൂട്ടി താരമായിരിക്കുകയാണ് സൗത്താഫ്രിക്കൻ ഓൾ റൗണ്ടർ മാർക്കോ യാൻസൻ.

സൗത്താഫ്രിക്കയുടെ പുതിയ ടി20 ലീഗായ SA20 യിൽ സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പും മൈ കേപ് ടൗണും തമ്മിലുള്ള മത്സരത്തിലായിരുന്നു സൺറൈസേഴ്സിൻ്റെ താരമായ യാൻസൻ മൈ കേപ് ടൗൺ ക്യാപ്റ്റൻ കൂടിയായ റാഷിദ് ഖാനെതിരെ അടിച്ചുതകർത്തത്.

റാഷിദ് ഖാൻ എറിഞ്ഞ പതിനാറാം ഓവറിലായിരുന്നു മാർക്കോ യാൻസൻ്റെ ഈ വെടിക്കെട്ട്. ഓവറിലെ ആദ്യ പന്തിൽ സിക്സ് നേടിയ തൊട്ടടുത്ത പന്തിൽ ഫോറും പിന്നീടുള്ള രണ്ട് പന്തിൽ സിക്സും നേടി. അടുത്ത പന്ത് ഡോട്ടാക്കുവാൻ റാഷിദ് ഖാന് സാധിച്ചുവെങ്കിലും അവസാന പന്തിൽ വീണ്ടും സിക്സ് പറത്തികൊണ്ട് ഓവറിൽ 28 റൺസ് താരം പൂർത്തിയാക്കി. കഴിഞ്ഞ ഐ പി എൽ സീസണിൽ ഗുജറാത്ത് ടൈറ്റൻസും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തിൽ യാൻസനെതിരെ മൂന്ന് സിക്സ് റാഷിദ് ഖാൻ നേടിയിരുന്നു.

വീഡിയോ ;

മത്സരത്തിൽ രണ്ട് വിക്കറ്റിൻ്റെ ആവേശവിജയമാണ് സൺറൈസേഴ്സ് നേടിയത്. മൈ കേപ് ടൗൺ ഉയർത്തിയ 172 റൺസിൻ്റെ വിജയലക്ഷ്യം 19.3 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ സൺറൈസേഴ്സ് മറികടന്നു. ടൂർണമെൻ്റിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപെട്ട സൺറൈസേഴ്സിൻ്റെ തുടർച്ചയായ രണ്ടാം വിജയമാണിത്. മറുഭാഗത്ത് അഞ്ച് മത്സരങ്ങളിൽ രണ്ടിൽ വിജയിച്ച മൈ കേപ് ടൗണിൻ്റെ മൂന്നാം തോൽവിയാണിത്.