Skip to content

തകർപ്പൻ റെക്കോർഡിൽ  സച്ചിനെ പിന്നിലാക്കി ശുഭ്മാൻ ഗിൽ

തകർപ്പൻ പ്രകടനമാണ് ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ശുഭ്മാൻ ഗിൽ കാഴ്ച്ചവെച്ചത്. ഡബിൾ സെഞ്ചുറി നേടിയ ഗിൽ ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമായി മാറിയിരുന്നു. ഇതിനൊപ്പം ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കിയിരിക്കുകയാണ് ശുഭ്മാൻ ഗിൽ.

149 പന്തിൽ നിന്നും 19 ഫോറും 9 സിക്സും ഉൾപ്പടെ 208 റൺസ് നേടിയാണ് ഗിൽ പുറത്തായത്. മത്സരത്തിലെ ഈ പ്രകടനത്തോടെ ഏകദിന ക്രിക്കറ്റിൽ ന്യൂസിലൻഡിനെതിരെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോർഡ് ശുഭ്മാൻ ഗിൽ സ്വന്തമാക്കി.

1999 ൽ ഇതേ വേദിയിൽ പുറത്താകാതെ 186 റൺസ് നേടിയ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കികൊണ്ടാണ് ഈ റെക്കോഡ് ഗിൽ സ്വന്തമാക്കിയത്. 2007 ൽ 181 റൺസ് നേടിയ മാത്യൂ ഹെയ്ഡനാണ് കിവികൾക്കെതിരെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയ ബാറ്റ്സ്മാനെന്ന നേട്ടത്തിൽ ഗില്ലിനും സച്ചിൻ ടെണ്ടുൽക്കർക്കും പിന്നിലുള്ളത്.

ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടുന്ന എട്ടാമത്തെ ബാറ്റ്സ്മാൻ കൂടിയാണ് ശുഭ്മാൻ ഗിൽ. സച്ചിൻ ടെണ്ടുൽക്കർ, വീരേന്ദർ സെവാഗ്, രോഹിത് ശർമ്മ, ഇഷാൻ കിഷൻ, ശുഭ്മാൻ ഗിൽ എന്നീ ഇന്ത്യൻ താരങ്ങളെ കൂടാതെ ക്രിസ് ഗെയ്ൽ, മാർട്ടിൻ ഗപ്റ്റിൽ, ഫഖർ സമാൻ എന്നിവരാണ് ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടിയിട്ടുള്ളത്.