Skip to content

ന്യൂസിലൻഡിനെതിരെ ഡബിൾ സെഞ്ചുറിയുമായി ഗിൽ, വമ്പൻ സ്കോർ കുറിച്ച് ഇന്ത്യ

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ഡബിൾ സെഞ്ചുറിയുമായി ശുഭ്മാൻ ഗിൽ. ഗില്ലിൻ്റെ ഇരട്ട സെഞ്ചുറി മികവിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 349 റൺസ് അടിച്ചുകൂട്ടി.

ഭേദപ്പെട്ട തുടക്കമാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് ലഭിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 60 റൺസ് രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ചേർന്ന് കൂട്ടിച്ചേർത്തു. 38 പന്തിൽ 34 റൺസ് നേടിയാണ് രോഹിത് ശർമ്മ പുറത്തായത്. മികച്ച ഫോമിലുള്ള കോഹ്ലി 10 പന്തിൽ 8 റൺസും ഇഷാൻ കിഷൻ 5 റൺസും നേടി പുറത്തായി. സൂര്യകുമാർ യാദവ് 26 പന്തിൽ 31 റൺസും ഹാർദിക്ക് പാണ്ഡ്യ 28 റൺസും നേടി പുറത്തായി ഗില്ലിന് പിന്തുണ നല്കാൻ പരാജയപെട്ടുവെങ്കിലും ഡബിൾ സെഞ്ചുറി നേടികൊണ്ട് ഗിൽ ഇന്ത്യയ്ക്ക് വമ്പൻ സ്കോർ സമ്മാനിക്കുകയായിരുന്നു.

145 പന്തിൽ നിന്നുമാണ് ഗിൽ തൻ്റെ ഡബിൾ സെഞ്ചുറി പൂർത്തിയാക്കിയത്. 149 പന്തിൽ 19 ഫോറും 9 സിക്സും ഉൾപ്പടെ 208 റൺസ് നേടിയാണ് ശുഭ്മാൻ ഗിൽ പുറത്തായത്.

ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് ശുഭ്മാൻ ഗിൽ. സച്ചിൻ ടെണ്ടുൽക്കർ, വീരേന്ദർ സെവാഗ്, രോഹിത് ശർമ്മ, ഇഷാൻ കിഷൻ എന്നിവരാണ് ഗില്ലിന് മുൻപിൽ ഡബിൾ സെഞ്ചുറി നേടിയിട്ടുള്ള ഇന്ത്യൻ താരങ്ങൾ.