Skip to content

ഇഷാൻ കിഷൻ കളിക്കും, പക്ഷേ ഓപ്പണറായല്ല : ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ ഇഷാൻ കിഷൻ കളിക്കുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. നേരത്തെ ബംഗ്ലാദേശിനെതിരെ ഡബിൾ സെഞ്ചുറി നേടിയ താരത്തിന് ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ഒരു മത്സരത്തിൽ പോലും അവസരം ലഭിച്ചിരുന്നില്ല. ശുഭ്മാൻ ഗില്ലായിരുന്നു ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കൊപ്പം പരമ്പരയിൽ ഓപ്പൺ ചെയ്തത്.

കെ എൽ രാഹുലിൻ്റെ അഭാവത്തിൽ നാളെ ആരംഭിക്കുന്ന ഏകദിന പരമ്പരയിൽ ഇഷാൻ കിഷൻ കളിക്കുമെന്നും പക്ഷേ മിഡിൽ ഓർഡറിലായിരിക്കും താരം ബാറ്റ് ചെയ്യുകയെന്നും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ പ്രസ്സ് കോൺഫ്രൻസിൽ പറഞ്ഞു.

” ഇഷാൻ കിഷൻ മധ്യനിരയിൽ ബാറ്റ് ചെയ്യും, ബംഗ്ലാദേശിനെതിരായ ആ പ്രകടനത്തിന് ശേഷം അവന് അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്. ” ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞ്ഞു.

ബംഗ്ലാദേശിനെതിരായ ഡബിൾ സെഞ്ചുറി നേടികൊണ്ട് ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ സച്ചിൻ ടെണ്ടുൽക്കർ, വീരേന്ദർ സെവാഗ്, രോഹിത് ശർമ്മ എന്നിവർക്കൊപ്പം ഇഷാൻ കിഷൻ സ്ഥാനം പിടിച്ചിരുന്നു. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ കെ എൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവരുടെ അഭാവത്തിൽ നാലാമനായിട്ടാകും ഇഷാൻ കിഷൻ ബാറ്റ് ചെയ്യുക. മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാനായാൽ ഒരുപക്ഷേ ലോകകപ്പ് ടീമിൽ തന്നെ സ്ഥാനം ഉറപ്പിക്കുവാൻ ഇഷാൻ കിഷന് സാധിക്കും.