സെഞ്ചുറി നേടി സച്ചിൻ ബേബി, തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം തിരിച്ചടിച്ച് കേരളം

രഞ്ജി ട്രോഫിയിൽ കർണാടകയ്ക്കെതിരായ മത്സരത്തിൽ തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം തിരിച്ചടിച്ച് കേരളം. സെഞ്ചുറി നേടിയ സച്ചിൻ ബേബിയാണ് ഇക്കുറിയും കേരളത്തിൻ്റെ രക്ഷകനായത്. ആദ്യ ദിനം കളി നിർത്തുമ്പോൾ കേരളം 6 വിക്കറ്റ് നഷ്ടത്തിൽ 224 റൺസ് നേടിയിട്ടുണ്ട്.

272 പന്തിൽ 116 റൺസ് നേടിയ സച്ചിൻ ബേബിയും 74 പന്തിൽ 31 റൺസ് നേടിയ ജലജ് സക്സേനയുമാണ് നിലവിൽ കേരളത്തിന് വേണ്ടി ക്രീസിലുള്ളത്. മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 6 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ കേരളത്തിന് നഷ്ടപെട്ടിരുന്നു. പിന്നീട് നാലാം വിക്കറ്റിൽ വത്സൽ ഗോവിന്ദിനൊപ്പം 123 റൺസ് കൂട്ടിച്ചേർത്തുകൊണ്ട് സച്ചിൻ ബേബി കേരളത്തെ തകർച്ചയിൽ നിന്നും രക്ഷിക്കുകയായിരുന്നു. 116 പന്തിൽ 46 റൺസ് നേടിയാണ് ഗോവിന്ദ് പുറത്തായത്.

ഈ സീസണിലെ തൻ്റെ നാലാം സെഞ്ചുറിയും ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിലെ തൻ്റെ പത്താം സെഞ്ചുറിയാണ് ഇന്ന് സച്ചിൻ ബേബി നേടിയത്. ഈ സീസണിൽ 11 ഇന്നിങ്സിൽ നിന്നും ഇതിനോടകം 91.12 ശരാശരിയിൽ 729 റൺസ് സച്ചിൻ ബേബി നേടിയിട്ടുണ്ട്. സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ ബാറ്റ്സ്മാൻ കൂടിയാണ് സച്ചിൻ ബേബി.

ഗ്രൂപ്പ് സി പോയിൻ്റ് ടേബിളിൽ 5 മത്സരങ്ങളിൽ നിന്നും മൂന്ന് വിജയത്തോടെ 19 പോയിൻ്റുമായി രണ്ടാം സ്ഥാനത്താണ് കേരളമുള്ളത്. 26 പോയിൻ്റുമായി കർണാടകയാണ് ഒന്നാം സ്ഥാനത്തുള്ളത്.