Skip to content

ബിഗ് ബാഷ് ലീഗിൽ തകർപ്പൻ സെഞ്ചുറിയുമായി സ്റ്റീവ് സ്മിത്ത്

ബിഗ് ബാഷ് ലീഗിൽ തകർപ്പൻ സെഞ്ചുറി നേടി മികവ് പുലർത്തി ഓസ്ട്രേലിയയുടെ സീനിയർ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത്. അഡലെയ്ഡ് സ്ട്രൈക്കേഴ്സിനെതിരായ മത്സരത്തിലാണ് സിഡ്നി സിക്സേഴ്സിന് വേണ്ടി സ്റ്റീവ് സ്മിത്ത് സെഞ്ചുറി നേടിയത്.

56 പന്തിൽ 5 ഫോറും 7 സിക്സും ഉൾപ്പടെ 101 റൺസ് നേടിയാണ് സ്റ്റീവ് സ്മിത്ത് പുറത്തായത്. ബിഗ് ബാഷ് ലീഗിലെ സ്റ്റീവ് സ്മിത്തിൻ്റെ ആദ്യ സെഞ്ചുറിയും ടി20 ക്രിക്കറ്റിലെ താരത്തിൻ്റെ രണ്ടാം സെഞ്ചുറിയുമാണിത്. ഇതിന് മുൻപ് ഐ പി എല്ലിൽ ഗുജറാത്ത് ലയൺസിനെതിരായ മത്സരത്തിൽ റൈസിങ് പുനെ സൂപ്പർ ജയൻ്റ്സിന് വേണ്ടി കളിക്കവെയാണ് ടി20 ക്രിക്കറ്റിൽ സ്റ്റീവ് സ്മിത്ത് സെഞ്ചുറി നേടിയത്.

സ്റ്റീവ് സ്മിത്തിൻ്റെ സെഞ്ചുറി മികവിൽ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് സിഡ്നി സിക്സേഴ്സ് അടിച്ചുകൂട്ടി. ബിഗ് ബാഷ് ലീഗിൽ സെഞ്ചുറി നേടുന്ന ആദ്യ സിഡ്നി സികേഴ്സ് ബാറ്റ്സ്മാൻ കൂടിയാണ് സ്റ്റീവ് സ്മിത്ത്. ഓസ്ട്രേലിയയുടെ ഇൻ്റർനാഷണൽ ക്രിക്കറ്റ് സമ്മർ അവസാനിച്ചതോടെയാണ് സ്റ്റീവ് സ്മിത്ത് ബിഗ് ബാഷ് ലീഗിൽ തിരിച്ചെത്തിയത്.

യു എ ഇയിലും സൗത്താഫ്രിക്കയിലും ആരംഭിച്ചിരിക്കുന്ന ടി20 ലീഗുകൾ ഉയർത്തുന്ന വെല്ലുവിളി കണക്കിലെടുത്താണ് ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത് എന്നിവരെ ക്രിക്കറ്റ് ഓസ്ട്രേലിയ ബിഗ് ബാഷ് ലീഗിൽ തിരിച്ചെത്തിച്ചത്. നാല് ഗ്രൂപ്പ് മത്സരങ്ങൾ മാത്രം കളിക്കുന്നതിന് രണ്ട് കോടിയുടെ കരാറാണ് ക്രിക്കറ്റ് ഓസ്ട്രേലിയയും സിഡ്നി സിക്സേഴ്സും സ്റ്റീവ് സ്മിത്തിന് ഓഫർ ചെയ്തത്.