രഞ്ജി ട്രോഫിയിലെ തൻ്റെ തകർപ്പൻ പ്രകടനം തുടർന്ന് സച്ചിൻ ബേബി. കർണാടകയ്ക്കെതിരായ മത്സരത്തിൽ മുൻനിര ഒരിക്കൽ കൂടെ തകർന്നപ്പോൾ സെഞ്ചുറി നേടികൊണ്ട് സച്ചിൻ ബേബി വീണ്ടും രക്ഷകനാവുകയായിരുന്നു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് 6 റൺസ് എടുക്കുന്നതിനിടെ 3 വിക്കറ്റുകൾ നഷ്ടപെട്ടിരുന്നു. പിന്നാലെ ക്രീസിലെത്തിയ സച്ചിൻ ബേബി സെഞ്ചുറി നേടി ടീമിനെ തകർച്ചയിൽ നിന്നും രക്ഷിക്കുകയായിരുന്നു. 204 പന്തിൽ നിന്നുമായിരുന്നു സച്ചിൻ ബേബി തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ സച്ചിൻ ബേബിയുടെ പത്താം സെഞ്ചുറിയാണിത്.
ഈ സീസണിലെ സച്ചിൻ ബേബിയുടെ നാലാം സെഞ്ചുറി കൂടിയാണിത്.
നേരത്തെ സർവീസസിനെതിരായ മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 308 പന്തിൽ 159 റൺസും രണ്ടാം ഇന്നിങ്സിൽ 109 പന്തിൽ 93 റൺസും സച്ചിൻ ബേബി നേടിയിരുന്നു. ഈ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് സച്ചിൻ ബേബിയുള്ളത്.