Skip to content

ചാരമായി ശ്രീലങ്ക, തകർപ്പൻ വിജയത്തോടെ പരമ്പര തൂത്തുവാരി ഇന്ത്യ

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 317 റൺസിൻ്റെ വമ്പൻ വിജയമാണ് ഇന്ത്യ കുറിച്ചത്. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 3-0 ന് ഇന്ത്യ സ്വന്തമാക്കി.

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 391 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 22 ഓവറിൽ 73 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. ഇന്ത്യയ്ക്ക് വേണ്ടി സിറാജ് 10 ഓവറിൽ 32 റൺസ് വഴങ്ങി നാല് വിക്കറ്റും കുൽദീപ് യാദവ്, മൊഹമ്മദ് ഷാമി എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 110 പന്തിൽ 13 ഫോറും 8 സിക്സും ഉൾപ്പടെ 166 റൺസ് നേടിയ വിരാട് കോഹ്ലി, 97 പന്തിൽ 116 റൺസ് നേടിയ ശുഭ്മാൻ ഗിൽ എന്നിവരുടെ മികവിലാണ് നിശ്ചിത 50 ഓവറിൽ 390 റൺസ് നേടിയത്.

മത്സരത്തിലെ വിജയത്തോടെ പരമ്പര 3-0 ന് ഇന്ത്യ തൂത്തുവാരി. ആദ്യ ഏകദിനത്തിൽ 67 റൺസിന് വിജയിച്ച ഇന്ത്യ രണ്ടാം മത്സരത്തിൽ 4 വിക്കറ്റിനായിരുന്നു വിജയിച്ചത്. ന്യൂസിലൻഡുമായുള്ള ഇന്ത്യയുടെ ഏകദിന പരമ്പര ജനുവരി 18 ന് ആരംഭിക്കും.