ഇങ്ങനെയൊക്കെ പുറത്താകാൻ ഇവർക്കെ സാധിക്കൂ, കരുണരത്നെയുടെ പുറത്താകൽ കണ്ട് ചിരിയടക്കാനാവാതെ ഇന്ത്യൻ താരങ്ങൾ

ഇന്ത്യ ഉയർത്തിയ കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക വൻ തകർച്ചയിൽ. 13 ഓവർ പിന്നിട്ടപ്പോൾ തന്നെ ശ്രീലങ്കയുടെ 6 വിക്കറ്റ് നഷ്ട്ടമായി. വെറും 46 റൺസ് മാത്രമാണ് ശ്രീലങ്കൻ സ്‌കോർ ബോർഡിലുള്ളത്. 4 വിക്കറ്റ് വീഴ്ത്തി സിറാജാണ് ശ്രീലങ്കയുടെ തകർച്ചയ്ക്ക് ഇടയാക്കിയത്. അവിഷ്‌ക (1) ഫെർണാണ്ടോ (19), അസലങ്ക (1) കുസാൽ മെൻഡിസ് (4), ഹസരങ്ക (1), കരുണരത്ന (1) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ട്ടമായത്.

ഏറ്റവും ഒടുവിൽ മടങ്ങിയ ചാമിക കരുണരത്നയുടെ പുറത്താകൽ ആരാധകരിലും ഇന്ത്യൻ താരങ്ങളിലും ചിരിപ്പടർത്തിയിരിക്കുകയാണ്. സിറാജ് എറിഞ്ഞ 12ആം ഓവറിലെ നാലാം പന്തിലാണ് രസകരമായ റൺഔട്ടിലൂടെ കരുണരത്ന പുറത്തായത്. സിറാജിന്റെ ഫുൾ ലെങ്ത് ഡെലിവറി കരുണരത്ന ഡിഫെൻഡ് ചെയ്യുകയായിരുന്നു. ഇതിനിടെ പന്ത് കയ്യിൽ ലഭിച്ച സിറാജ് സ്റ്റംപ് ലക്ഷ്യമാക്കി എറിഞ്ഞു. ഇതോടെ ക്രീസിൽ ഇല്ലാതിരുന്ന കരുണരത്ന പുറത്താവുകയും ചെയ്തു.

നേരെത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ വിരാട് കോഹ്ലിയുടെയും ഗിലിന്റെയും സെഞ്ചുറി കരുത്തിലാണ് കൂറ്റൻ സ്‌കോർ നേടിയത്. നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ 390 റൺസാണ് നേടിയത്. 110 പന്തിൽ 8 സിക്‌സും 13 ഫോറും സഹിതം കോഹ്ലി പുറത്താകാതെ നിന്നു. 85 പന്തിൽ നിന്ന് സെഞ്ചുറി പൂർത്തിയാക്കിയ കോഹ്ലി അവസാന 25 പന്തിൽ 66 റൺസാണ് നേടിയത്.

കേരള മണ്ണിലെ ആദ്യ സെഞ്ചുറി നേടിയ കോഹ്ലി ഏകദിനത്തിലെ 46ആം സെഞ്ചുറി പൂർത്തിയാക്കി. രോഹിത് (49 പന്തിൽ 42), ശുഭ്മാൻ ഗിൽ (97 പന്തിൽ 116), അയ്യർ (32 പന്തിൽ 38), രാഹുൽ (7), സൂര്യകുമാർ യാദവ് (4) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ട്ടമായത്.