Skip to content

മലയാള മണ്ണിൽ സെഞ്ചുറിയുമായി കിങ് കോഹ്ലി, ഇനി സച്ചിനെ പിന്നിലാക്കുവാൻ വേണ്ടത് നാല് സെഞ്ചുറി മാത്രം

തിരുവനന്തപുരത്ത് നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ മൂന്നാം മത്സരത്തിൽ സെഞ്ചുറിയുമായി തകർത്താടി കിങ് കോഹ്ലി. ഈ പരമ്പരയിലെ തൻ്റെ രണ്ടാം സെഞ്ചുറിയാണ് മത്സരത്തിൽ വിരാട് കോഹ്ലി നേടിയത്.

85 പന്തിൽ നിന്നുമാണ് വിരാട് കോഹ്ലി തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. കഴിഞ്ഞ നാല് ഇന്നിങ്സിലെ കോഹ്ലിയുടെ മൂന്നാം സെഞ്ചുറിയാണിത്. ഏകദിന ക്രിക്കറ്റിലെ വിരാട് കോഹ്ലിയുടെ 46 ആം സെഞ്ചുറിയാണിത്. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയവരുടെ പട്ടികയിൽ ഇനി സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കുവാൻ ഇനി നാല് സെഞ്ചുറി മാത്രമാണ് വിരാട് കോഹ്ലിയ്ക്ക് വേണ്ടത്.

അന്താരാഷ്ട്ര ക്രിക്കറ്റിലെ വിരാട് കോഹ്ലിയുടെ 74 ആം സെഞ്ചുറി കൂടിയാണിത്. ഏകദിന ക്രിക്കറ്റിൽ 46 സെഞ്ചുറി നേടിയിട്ടുള്ള കിങ് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ 27 സെഞ്ചുറിയും അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഒരു സെഞ്ചുറിയും നേടിയിട്ടുണ്ട്.

മത്സരത്തിൽ വിരാട് കോഹ്ലിയ്ക്കൊപ്പം ഓപ്പണർ ശുഭ്മാൻ ഗില്ലും സെഞ്ചുറി നേടി തിളങ്ങി. ഏകദിന ക്രിക്കറ്റിലെ തൻ്റെ രണ്ടാം സെഞ്ചുറിയാണ് മത്സരത്തിൽ ഗിൽ കുറിച്ചത്. 97 പന്തിൽ 14 ഫോറും 2 സിക്സും ഉൾപ്പടെ 116 റൺസ് നേടിയാണ് ശുഭ്മാൻ ഗിൽ കുറിച്ചത്.