തിരുവനന്തപുരത്ത് നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ തകർപ്പൻ സെഞ്ചുറിയുമായി ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ.89 പന്തിൽ നിന്നുമാണ് മത്സരത്തിൽ ഗിൽ സെഞ്ചുറി പൂർത്തിയാക്കിയത്.
ഏകദിന ക്രിക്കറ്റിലെ തൻ്റെ രണ്ടാം സെഞ്ചുറിയാണ് മത്സരത്തിൽ ശുഭ്മാൻ ഗിൽ നേടിയത്. നേരത്തെ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സിംബാബ്‌വെയ്ക്കെതിരായ മത്സരത്തിലായിരുന്നു ഗിൽ തൻ്റെ ആദ്യ സെഞ്ചുറി നേടിയത്. ആ മത്സരത്തിൽ 97 പന്തിൽ 130 റൺസ് ഗിൽ നേടിയിരുന്നു. 18 ഇന്നിങ്സുകളിൽ രണ്ട് സെഞ്ചുറിയ്ക്കൊപ്പം 5 ഫിഫ്റ്റിയും ശുഭ്മാൻ ഗിൽ നേടിയിട്ടുണ്ട്.
മത്സരത്തിൽ മികച്ച തുടക്കമായിരുന്നു ഇന്ത്യയ്ക്ക് രോഹിത് ശർമ്മയും ഗില്ലും നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ ഇരുവരും 95 റൺസ് കൂട്ടിച്ചേർത്തിരുന്നു. 49 പന്തിൽ 2 ഫോറും 3 സിക്സും ഉൾപ്പടെ 42 റൺസ് നേടിയാണ് ക്യാപ്റ്റൻ രോഹിത് ശർമ്മ പുറത്തായത്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളാണ് ഇന്ത്യ മത്സരത്തിൽ വരുത്തിയത്. ഹാർദിക്ക് പാണ്ഡ്യയ്ക്കും ഉമ്രാൻ മാലിക്കിനും വിശ്രമം അനുവദിച്ച ഇന്ത്യ വാഷിങ്ടൺ സുന്ദറിനെയും സൂര്യകുമാർ യാദവിനെയും ടീമിൽ ഉൾപ്പെടുത്തി.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര ഇതിനോടകം സ്വന്തമാക്കികഴിഞ്ഞു.