Skip to content

തകർത്തടിച്ച് ഷഫാലിയും ശ്വേതയും, അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയതുടക്കം

പ്രഥമ അണ്ടർ 19 വനിത ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയതുടക്കം. ആതിഥേയരായ സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.

മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 167 റൺസിൻ്റെ വിജയലക്ഷ്യം 16.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ക്യാപ്റ്റൻ ഷഫാലി വർമ്മയുടെയും സഹ ഓപ്പണർ ശ്വേത ഷറാവത്തിൻ്റെയും മികവിലാണ് അനായാസ വിജയം ഇന്ത്യ കുറിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 7 ഓവറിൽ 77 റൺസ് ഇരുവരും അടിച്ചുകൂട്ടി. ഷഫാലി വർമ്മ 16 പന്തിൽ 9 ഫോറും ഒരു സിക്സും ഉൾപ്പടെ 45 റൺസ് നേടി പുറത്തായപ്പോൾ ശ്വേത ഷറാവത്ത് 57 പന്തിൽ 92 റൺസ് നേടി പുറത്താകാതെ നിന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക 44 പന്തിൽ 61 റൺസ് നേടിയ സൈമൺ ലോറൻസ്, 17 പന്തിൽ 32 റൺസ് നേടിയ ലാൻഡ്സ്മാൻ എന്നിവരുടെ മികവിലാണ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് നേടിയത്. ഇന്ത്യയ്ക്കായി ഷഫാലി വർമ്മ രണ്ട് വിക്കറ്റും സോനം യാദവ്, പർഷാവി ചോപ്ര എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

ടൂർണമെൻ്റിലെ മറ്റു മത്സരങ്ങളിൽ ബംഗ്ലാദേശ് ഓസ്ട്രേലിയയെയും യു എ ഇ സ്കോട്ലൻഡിനെയും പരാജയപെടുത്തി.  ജനുവരി പതിനാറിന് യു എ ഇയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.